ജോസ് കെ.മാണി രാജ്യസഭ എം.പി സ്ഥാനം രാജിവച്ചു
യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേർന്ന സാഹചര്യത്തിലാണ് എം.പി സ്ഥാനം രാജിവച്ചത്.ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി രാജ്യസഭ എം.പി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ജോസ് കെ മാണി രാഷ്ട്രപതിക്ക് കൈമാറി. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേർന്ന സാഹചര്യത്തിലാണ് എം.പി സ്ഥാനം രാജിവച്ചത്.ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു ,ഒക്ടോബര്‍ 14ന് മുന്നണി മാറ്റം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി അറിയിച്ചിരുന്നത്. ഇടതുമുന്നണിയില്‍ എത്തി മൂന്നു മാസം പിന്നിടുമ്പോഴും രാജിയുണ്ടാകാത്തതില്‍ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ ചോദ്യം ചെയ്തുള്ള പി ജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. സംസ്ഥാന കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും പ്രാതിനിധ്യം കൂടി പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.
എം.പി സ്ഥാനം രാജിവച്ചതോടെ ജോസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.അതേസമയം പാലാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ എന്‍.സി.പി കലാപക്കൊടി ഉയര്‍ത്തിയിരുന്നു. പാലാ സീറ്റ് മാണി സി കാപ്പനില്‍ നിന്ന് മാറ്റി ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്നായിരുന്നു ഭീഷണി. അതേസമയം എന്‍.സി.പി കാര്യമാക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം.ജോസ് കെ.മാണി രാജിവച്ച ഒഴിവില്‍ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നൽകിയേക്കും. രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം പീന്നീട് തീരുമാനിക്കും.