ജോസ് കെ മാണിക്കെതിരെ തൊടുപുഴ പൊലീസിൽ പരാതി.
തൊടുപുഴ സ്വദേശി ഫിലിപ്പ് സ്റ്റീഫനാണ് ജോസ് കെ മാണിക്കെതിരെ പരാതി നൽകിയത്.
തൊടുപുഴ: കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ മാണിക്കെതിരെ തൊടുപുഴ പൊലീസിൽ പരാതി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്സിൽ വ്യാജ ഒപ്പിട്ടെന്നാണ് പരാതി. യോഗത്തില്‍ പങ്കെടുക്കാത്ത വ്യക്തിയുടെ പേരിൽ വ്യാജ ഒപ്പിട്ടെന്നാണ് ആരോപണം.
തൊടുപുഴ സ്വദേശി ഫിലിപ്പ് സ്റ്റീഫനാണ് ജോസ് കെ മാണിക്കെതിരെ പരാതി നൽകിയത്. കേരള കോൺഗ്രസ്(എം) ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ താന്‍ പങ്കെടുത്തുവെന്ന് കാണിച്ച് കമ്മിറ്റിയുടെ മിനിറ്റ്സില്‍ വ്യാജ ഒപ്പിട്ടെന്നാണ് ഫിലിപ്പ് സ്റ്റീഫന്‍റെ പരാതി. പി ജെ ജോസഫ് വിഭാഗം നേതാവാണ് ഫിലിപ്പ് സ്റ്റീഫൻ. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടിക്കെതിരെ തൊടുപുഴ കോടതിയിൽ കേസ് കൊടുത്തതും സ്റ്റീഫനായിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍റെയും മനോഹർ നടുവിലേടത്തിന്‍റെയും ഹർജിയെ തുടര്‍ന്ന് കേരള കോൺ(എം) ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. തൊടുപുഴ മുൻസിഫ് കോടതിയുടേതായിരുന്നു നടപടി. ജൂലൈ 17 വരെയാണ് തെരഞ്ഞെടുപ്പ് നടപടി കോടതി സ്റ്റേ ചെയ്തത്.