പാലാ സീറ്റ് ഇടതുമുന്നണിയിലോ കേരളാ കോൺഗ്രസിലോ ചർച്ച ചെയ്തിട്ടില്ല
നിയമസഭാതെരഞ്ഞെടുപ്പിന് ഇനി മാസങ്ങളുണ്ട്. ചർച്ച വരട്ടെ. ആ സമയം പാർട്ടി നിലപാട് മുന്നണിയെ അറിയിക്കും
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലാ സീറ്റിന്റെ കാര്യം ഇതുവരെ ഇടതുമുന്നണിയിലോ കേരളാ കോൺഗ്രസിലോ ചർച്ച ചെയ്തിട്ടില്ല. നിയമസഭാതെരഞ്ഞെടുപ്പിന് ഇനി മാസങ്ങളുണ്ട്. ചർച്ച വരട്ടെ. ആ സമയം പാർട്ടി നിലപാട് മുന്നണിയെ അറിയിക്കും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പ്രാപ്തിയുള്ള നേതൃത്വമാണ് എൽഡിഎഫിനുള്ളത്.
യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് അടഞ്ഞ അധ്യായമാണെന്നും ജോസ് കൂട്ടിച്ചേർത്തു. പാല സീറ്റ് ഇടതുമുന്നണിയിൽ പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്. സീറ്റ് വിട്ട് നൽകില്ലെന്നുറപ്പിച്ച് മാണി സി കാപ്പൻ രംഗത്തെത്തി. പാലാ സീറ്റിനെ ചൊല്ലിതുടങ്ങിയ നീക്കങ്ങൾ കോൺഗ്രസ്-എൻസിപി ദേശീയ-സംസ്ഥാന നേതാക്കൾ കൂടി പങ്കെടുത്ത് അന്തിമഘട്ടത്തിലാണ്. നേരത്തെ മുന്നണിമാറ്റവാർത്ത നിഷേധിച്ച എൻസിപി സംസ്ഥാന പ്രസിഡണ്ട് ടിപി പീതാംബരൻ പിന്നീട് എൽഡിഎഫിൽ പരിഗണന കിട്ടാത്തതിലെ അതൃപ്തി തുറന്ന് പറഞ്ഞു. പാല, കാഞ്ഞിരപ്പിള്ളി നിയമസഭാസീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാം, പകരം കൊല്ലം ജില്ലയില്‍ ഒരു സീറ്റുവേണമെന്നാണ് സിപിഐയുടെ ആവശ്യം.