ജോസ് കെ മാണിയുടെ ഇടതുപ്രവേശനം മുന്നണി ചർച്ചചെയ്യും കാനം , മുന്നണിവിട്ടത് ക്ഷീണമുണ്ടാകില്ലന്നു യു ഡി എഫ്

നിയമസഭാ സീറ്റുകളുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം രാജേന്ദ്രന്‍. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് ഉന്നതാധികാര സമിതിയില്‍ വിലയിരുത്തല്‍

0

തിരുവനന്തപുരം :ജോസ് കെ മാണിയുടെ ഇടതുപ്രവേശനം മുന്നണി ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വില പേശാനുള്ള ഉപകരണമായി എല്‍ഡിഎഫിനെ ഉപയോഗിക്കരുതെന്നാണ് പണ്ട് പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കാനം പറഞ്ഞു. നിയമസഭാ സീറ്റുകളുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം രാജേന്ദ്രന്‍.
ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് ഉന്നതാധികാര സമിതിയില്‍ വിലയിരുത്തല്‍. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ നിലവില്‍ യുഡിഎഫിന്റെ പരിഗണനയിലില്ലെന്ന് കണ്‍വീനര്‍ എം എം ഹസന്‍ യോഗശേഷം പ്രതികരിച്ചു.

ഇടത് മുന്നണിയിലേക്ക് പോകാനുളള ജോസ് കെ മാണിയുടെ തീരുമാനത്തെ രാഷ്ട്രീയ വഞ്ചനയെന്നാണ് യുഡിഎഫ് യോഗം വിലയിരുത്തിയത്. ജോസ്- ജോസഫ് തര്‍ക്കം പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ ജോസ് കെ മാണി അപക്വമായാണ് പെരുമാറിയതെന്നും പി കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വിശദീകരിച്ചു. നേരത്തെ നിശ്ചയിക്കപ്പെട്ട അജണ്ടയാണ് ജോസിന്റെ ഇടത് മുന്നണി പ്രവേശനമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ജോസ് കെ മാണിയുടെ തീരുമാനം യുഡിഎഫിനെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് പി ജെ ജോസഫ് നിലപാട് സ്വീകരിച്ചു. ജോസ് കെ മാണിയുടെ സാന്നിധ്യത്തില്‍ മധ്യതിരുവിതാംകൂറില്‍ നേട്ടമുണ്ടാക്കാമെന്ന ഇടത് മുന്നണിയുടെ സ്വപ്നം നടക്കില്ലെന്നും ജോസഫ് യോഗത്തില്‍ വ്യക്തമാക്കി. ജോസിന്റെ തീരുമാനം അണികള്‍ അംഗീകരിക്കില്ലെന്നും പി ജെ ജോസഫ് ചൂണ്ടിക്കാട്ടി

23 ന് എറണാകുളത്ത് യുഡിഫ് യോഗം ചേര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് രൂപം നല്‍കും. യുഡിഎഫ് ജില്ലാ കമ്മറ്റി യോഗങ്ങളും ഉടന്‍ ചേരും. സര്‍ക്കാരിനെതിരായ സ്പീക്ക് അപ്പ് കേരള പ്രതിഷേധത്തിന്റെ അഞ്ചാം ഘട്ടം നവംബര്‍ ഒന്നിന് നടത്തും. സംസ്ഥാനത്താകെ രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ച് വാര്‍ഡുതല പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇന്നത്തെ നേതൃയോഗ തീരുമാനം.

You might also like

-