അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസ് അന്തരിച്ചു
1965ല്‍ ‘കറുത്ത വര്‍ഗക്കാരെ മനുഷ്യരായി പരിഗണിക്കൂ’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ സമരം നയിച്ച ആളാണ് ലൂയിസ്
അറ്റ്ലാന്റ :യുഎസ്: അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസ് അന്തരിച്ചു. 80 വയസായിരുന്നു. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി പോരാടി പ്രശസ്തി ആര്‍ജ്ജിച്ച വ്യക്തിയാണ് ലൂയിസ്. 1965ല്‍ ‘കറുത്ത വര്‍ഗക്കാരെ മനുഷ്യരായി പരിഗണിക്കൂ’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ സമരം നയിച്ച ആളാണ് ലൂയിസ്. 600 പേരാണ് ആ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിച്ച 6 മഹാരഥന്മാരില്‍ ഇളയയാളാണ് ലൂയിസ്. അലബാമയിലെ പൈക്ക് കൗണ്ടിയില്‍ 1940 ഫെബ്രുവരി 21നാണ് ലൂയിസിന്റെ ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ കറുത്ത വര്‍ഗക്കാരനെന്ന പേരില്‍ ലൈബ്രറി കാര്‍ഡ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ലൂയിസ് സമരത്തിലേക്ക് ചുവടുവയ്ക്കുന്നത്. ട്രോയി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യ കറുത്ത വിദ്യാര്‍ത്ഥിയായിരുന്നു ലൂയിസ്. പതിനെട്ടാം വയസില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറുമായി സൗഹൃദം സ്ഥാപിച്ചതോടെയാണ് കൂടുതല്‍ സമരങ്ങളിലേക്ക് ഇറങ്ങിചെന്നത്.
1963 ൽ സ്റ്റുഡന്റ് നോൺവയലന്റ് കോ ഓർഡിനേറ്റിങ് കമ്മിറ്റി അധ്യക്ഷനായ ലൂയിസ് 1981 ൽ അറ്റ്ലാന്റ സിറ്റി കൗൺസിലിലൂടെ രാഷ്ട്രീയത്തില്‍ ചുവടുവച്ചു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ്ജ് ഫ്ലോയ്ഡ് പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ നടന്ന സമരത്തിലും ലൂയിസ് പങ്കെടുത്തിരുന്നു.