അധികാര കൈമാറ്റം വൈകുന്നത് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്ന് ബൈഡന്‍

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിട്ടും, ജനുവരി 20 വരെ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ കോവിഡിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും

0

വാഷിംഗ്ടണ്‍ ഡി.സി: ബൈഡന്‍ ട്രാന്‍സിഷന്‍ ടീമിനെ വൈറ്റ്ഹൗസ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ സമ്മതിക്കാത്തതും, അധികാര കൈമാറ്റം മനപ്പൂര്‍വം താമസിപ്പിക്കുന്നതും, കൊറോണ വൈറസ് മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളാണ് കോവിഡ് 19-ഉം, സാമ്പത്തിക തകര്‍ച്ചയും. ഇവ രണ്ടും അടിയന്തരമായി നേരിടേണ്ടതുണ്ടെന്നും, അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഡോണള്‍ഡ് ട്രംപിനുണ്ടെന്നും ബൈഡന്‍ പറഞ്ഞു. നവംബര്‍ 16-ന് ഡെലവെയറിലെ വില്‍മിംഗ്ടണില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ബൈഡന്‍.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിട്ടും, ജനുവരി 20 വരെ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ കോവിഡിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും, മില്യന്‍ കണക്കിന് അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയ്ക്കുതകുന്ന കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനും പിന്നേയും ഒന്നര മാസത്തോളം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ അതീവ ഗുരുതരമാണെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്കയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു മില്യന്‍ കേസുകള്‍ പുതുതായി കണ്ടെത്തിയതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം പതിനൊന്ന് മില്യന്‍ കഴിഞ്ഞതായും, 2,46000 പേരുടെ ജീവന്‍ അപഹരിക്കപ്പെട്ടതായും ബൈഡന്‍ പറഞ്ഞു.ആന്‍റണി ഫൗസിയെപ്പോലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ഫൈസര്‍ കമ്പനി പുറത്തിറക്കുന്ന വാക്‌സിന്‍ ഫലപ്രദമാണ്. ആവശ്യംവന്നാല്‍ ഞാന്‍ അത് ഉപയോഗിക്കുന്നതിനും തയാറാണെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ അറുപത് വര്‍ഷമായി യാതൊരു തടസവുമില്ലാതെ സുഗമമായി അധികാര കൈമാറ്റം നടന്നിരുന്നതായും ബൈഡന്‍ ചൂണ്ടിക്കാട്ടി.

You might also like

-