ജയഘോഷിന്‍റെ അക്കൗണ്ട് പരിശോധിക്കുന്നു കസ്റ്റംസ് ചോദ്യം ചെയ്യും
ആത്മഹത്യയ്ക്ക് ശ്രമിച്ച യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം
തിരുവനന്തപുരം :യുഎഇ. കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ എസ് ആർ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷ് നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് നിഗമനം. യുഎഇ കോൺസുലേറ്റിലെ ഡ്രൈവറെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കസ്റ്റംസിന്റെ പ്രാഥമിക പട്ടികയിൽ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ പേര് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഉടലെടുത്ത ഇയാളുടെ തിരോധാനവും പിന്നീടുണ്ടായ ആത്മഹത്യാ ശ്രമവും കസ്റ്റംസിനെ ചിന്തിപ്പിച്ചു. മൂന്ന് വർഷമായി കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഇയാൾ സ്വപ്ന സുരേഷിന്റെ വിശ്വസ്തൻ കൂടിയായിരുന്നു. ഐ.ടി വകുപ്പിൽ നിയമിക്കുന്നതിന് മുമ്പ് സ്വപ്നയെ കുറിച്ച് ചോദിച്ചറിയാൻ എത്തിയ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സംഘവുമായി ജയഘോഷ് സഹകരിച്ചില്ല. അന്നു മുതൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
മൂന്ന് മാസം മുമ്പ് കോൺസുൽ ജനറൽ യുഎഇയിലേക്ക് മടങ്ങിയെങ്കിലും ജയഘോഷ് തിരികെ എആർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തില്ല. പകരം അടുത്ത ചുമതലയുള്ള അറ്റാഷെയുടെ ഒപ്പമായി. അറ്റാഷെയും സ്ഥലം വിട്ടതോടെ തനിക്ക് നേരെയും അന്വേഷണമുണ്ടാകുമെന്ന് ജയഘോഷ് പരിഭ്രമിച്ചിരുന്നു. വധഭീഷണിയുണ്ടെന്ന ഇയാളുടെ പരാതി പോലീസ് മുഖവിലക്കെടുത്തിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞാലുടൻ കസ്റ്റംസ് ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്ത് മുൻ ഐബി ഉദ്യോഗസ്ഥൻ നാഗരാജും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.
അതേസമയം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗണ്‍മാന്‍ ജയഘോഷിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം തുടങ്ങി. ബ്ളേഡ് വിഴുങ്ങി എന്നതുള്‍പ്പെടെ ജയഘോഷ് പറഞ്ഞവ നുണയെന്നാണ് വിലയിരുത്തല്‍. അതേസമയം സ്വപ്നയുടെ സംഘം കൊലപ്പെടുത്തുമെന്നായിരുന്നു ജയഘോഷിന്റെ ഭയമെന്ന് സുഹൃത്ത് നാഗരാജ് പറഞ്ഞു.തിരോധാനത്തിനൊടുവില്‍ നാടകീയമായി കണ്ടെത്തിയ ജയഘോഷ് അപകടനില തരണം ചെയ്തു. കയ്യില്‍ രണ്ട് മുറിവുണ്ട്. ഒരെണ്ണം ആഴത്തിലുള്ളതാണ്. എന്നാല്‍ ബ്ളേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞത് നുണയാണെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. അത്തരം ആരോഗ്യപ്രശ്നങ്ങളൊന്നും ജയഘോഷിനില്ല. മാത്രവുമല്ല, വട്ടിയൂര്‍ക്കാവില്‍ വച്ച് ബൈക്കിലെത്തിയ സംഘം ഭീഷണി മുഴക്കിയെന്ന വാദവും നുണയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
സ്വര്‍ണക്കടത്തിനേക്കുറിച്ച് വിവരം നല്‍കിയെന്ന് താനാണെന്ന് തറ്റിദ്ധരിച്ച് സ്വപ്നയുടെ സംഘം കൊല്ലുമെന്നായിരുന്നു ജയഘോഷിന്റെ ഭയമെന്ന് സുഹൃത്തായ പൊലീസുകാരന്‍ നാഗരാജ് പറയുന്നു.സ്വപ്നയുടെ പിന്നില്‍ വന്‍സംഘങ്ങളുണ്ടെന്നും കോണ്‍സുലേറ്റിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണെന്നും ജയഘോഷ് പറഞ്ഞതായും നാഗരാജ് വ്യക്തമാക്കുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിനേക്കുറിച്ച് ജയഘോഷിന് വ്യക്തമായ അറിവുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വപ്നയെ വിളിച്ചതും അതിന്റെ ഭാഗമായിട്ടാവാം. അത് മറച്ചുവയ്ക്കാനുള്ള നാടകമാണ് തിരോധാനവും ആത്മഹത്യാശ്രമവുമെന്നും കരുതുന്നു. അന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായി ജയഘോഷിന്റെയും അടുത്തബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. ആശുപത്രി മോചിതനാകുന്ന മുറയ്ക്ക് ചോദ്യം ചെയ്യും.