പശുവിന്‍റെ പേരില്‍ രാജ്യത്ത് വീണ്ടും നരഹത്യ. ജാര്‍ഖണ്ഡിലെ സന്തല്‍ ഗ്രാമത്തിൽ പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
പശുക്കളെ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ചാണ് രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
പാറ്റ്ന: പശുവിന്‍റെ പേരില്‍ രാജ്യത്ത് വീണ്ടും നരഹത്യ. ജാര്‍ഖണ്ഡിലെ സന്തല്‍ ഗ്രാമത്തിലാണ് സംഭവം. പശുക്കളെ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ചാണ് രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കൊല്ലപ്പെട്ടവരില്‍ നിന്ന് ഒരു പശുവിനെ ആള്‍ക്കൂട്ടം പിടിച്ചെടുത്തുവെന്നാണ് വിവരം. മുര്‍താസ അന്‍സാരി, ചര്‍കു അന്‍സാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് ഗ്രാമത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഗ്രാമത്തിലെ ഒരാളുടെ വീട്ടില്‍ നിന്ന് 12 പോത്തുകളെയും പശുക്കളെയും അഞ്ചംഗ സംഘം മോഷ്ടിച്ചെന്നും ഇവയെ അയല്‍ഗ്രാമത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം തടഞ്ഞതെന്നും ഗോഡ എസ്‍പി പറഞ്ഞു. ആള്‍ക്കൂട്ടം ഇവരുടെ വാഹനം തടഞ്ഞപ്പോഴേക്കും മൂന്നു പേര്‍ ഓടി രക്ഷപെട്ടു. അക്രമികള്‍ക്ക് നടുവില്‍ അകപ്പെട്ടു പോയ മുര്‍ത്താസയേയും ചര്‍ക്കുവിനെയും മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിന് മുമ്പും ഈ സംഘം പശുക്കളെ മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും എസ്‍പി പറഞ്ഞു. കന്നുകാലികളെ മോഷ്ടിച്ചവര്‍ക്കെതിരെയും കൊല നടത്തിയവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്‍പി വ്യക്തമാക്കി.