ജനതാ കർഫ്യൂ ഇന്ന് രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ വീടുകളിൽകഴിയുക, ബാറുകളും ബീവറേജസുകളും പ്രവർത്തിക്കില്ല

ആരോഗ്യപ്രവർത്തകർ, സർക്കാരുദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ, പൊതു പ്രവർത്തകർ, റെയിൽവേ-വിമാന ജോലിക്കാർ, പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ സേവനങ്ങൾക്ക് ആദരംനൽകാൻ വീട്ടിനുള്ളിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോ കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങൾകൊട്ടിയോ ആണ് നന്ദി പ്രകടിപ്പിക്കേണ്ടത്

0

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ഇന്ന്. അവശ്യവിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഒഴികെയുള്ളവർ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ വീടുകളിൽത്തന്നെ തങ്ങണമെന്നാണ് നിർദേശം.

14 മണിക്കൂർ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രതിപക്ഷ പാർട്ടികളും കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ കർഫ്യൂ സംസ്ഥാനത്തും കർശനമായി പാലിക്കണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യുവിനോട് പൂർണ തോതിൽ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഹർത്താലിന് സമാനമായ സാഹചര്യമാകും സംസ്ഥാനത്തുണ്ടാവുക. സർക്കാർ നേതൃത്വത്തിലുളള ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും നിർത്തി വെക്കും. കെഎസ്ആർടിസി രാവിലെ 7 മുതൽ രാത്രി 9 മണി വരെ സർവീസ് നടത്തില്ല. കൊച്ചി മെട്രോയും സർവീസ് റദ്ദാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളും നിരത്തിലോടില്ല. ജനത കർഫ്യുവിനോട് സഹകരിച്ച് ഹോട്ടലുകൾ ഉൾപ്പടെ എല്ലാ കടകളും അടച്ചിടാനാണ് വിവിധ വ്യാപാര സംഘടനകളുടെ തീരുമാനം.

ബാറുകളും ബീവറേജസുകളും പ്രവർത്തിക്കില്ല. ആശുപത്രി ഉൾപ്പടെയുളള അവശ്യ സേവനങ്ങൾ മാത്രമാകും പൊതുജനങ്ങൾക്ക് ലഭ്യമാവുക. മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. ജനത കർഫ്യൂവിൻറെ ഭാഗമായി ജനങ്ങൾ വീടുകളും പരിസരങ്ങളും ശുചീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് മരണം വര്‍ദ്ധിക്കുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 13,000 കടന്നു. ഇസ്രായേലിലും സിങ്കപ്പൂരിലും യു.എ.ഇയിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.ചൈനക്ക് ശേഷം കോവിഡ് 19 സംഹാര താണ്ഡവമാടിയ ഇറ്റലിയില്‍ ഒരു ദിവസത്തെ കൂടിയ മരണ നിരക്കാണ് ഇന്നലെയുണ്ടായത്. 793 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ഇറ്റലിയില്‍ കോവിഡ് ബാധിച്ചുള്ള ആകെ മരണ സംഖ്യ 4825 ആയി. വടക്കന്‍ ഇറ്റലിയിലെ ലൊംമ്പാര്‍ഡി മേഖലയിലാണ് കൂടുതല്‍ മരണമുണ്ടായത്. ഫാഷന്‍, സാമ്പത്തിക കേന്ദ്രമായ ലൊംമ്പാര്‍ഡി മേഖലയില്‍ 546 പേരാണ് ഇന്നലെ മരിച്ചത്.

അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർ നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ അടച്ചിടും. മിൽമ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിക്കും. അവശ്യ സർവ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവർത്തകർക്കും മാത്രമാണ് കർഫ്യൂവിൽ നിന്ന് ഇളവ്.ഒന്നിലധികം ദിവസം യാത്രയുള്ള ദീർഘദൂര എക്സ്പ്രസ് തീവണ്ടികൾ ഓടും. കെ.എസ്.ആർ.ടി.സി. ഞായറാഴ്ച രാത്രി ഒമ്പതിനുശേഷമേ ദീർഘദൂര സർവീസ് പുനരാരംഭിക്കൂ.

മഹാമാരിക്കിടെയും ജീവിതം സമൂഹത്തിനായി അർപ്പിച്ചവർക്ക് കഫ്യൂ ദിനത്തിൽ നന്ദി രേഖപ്പെടുത്താം. വൈകീട്ട് അഞ്ചുമണിക്ക് അഞ്ചുമിനിറ്റാണ് അതിനു വേണ്ടി മാറ്റിവയ്ക്കേണ്ടത്. ആരോഗ്യപ്രവർത്തകർ, സർക്കാരുദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ, പൊതു പ്രവർത്തകർ, റെയിൽവേ-വിമാന ജോലിക്കാർ, പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ സേവനങ്ങൾക്ക് ആദരംനൽകാൻ വീട്ടിനുള്ളിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോ കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങൾകൊട്ടിയോ ആണ് നന്ദി പ്രകടിപ്പിക്കേണ്ടത്

പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ 7 മരണമാണ് കോവിഡ് ബാധിച്ചുണ്ടായത്. അതേസമയം സ്പെയ്നില്‍ 285 പേരും ഇറാനില്‍ 123 പേരും ഫ്രാന്‍സില്‍ 112 പേരും ഇന്നലെ മരിച്ചു. ബ്രിട്ടനില്‍ ഇന്നലെ 56 പേരാണ് മരിച്ചത്.

You might also like

-