ജമ്മു കാഷ്മീർ ലൈംഗിക പീഡനക്കേസ്: ഡിഐജി അടക്കം അഞ്ചുപേർക്ക് പത്തുവർഷം തടവ്
ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ രാജിക്കു വഴിയൊരുക്കിയ ലൈംഗിക ആരോപണക്കേസിൽ മുൻ ഡിഐജി അടക്കം അഞ്ചുപേർക്ക് പത്തുവർഷം തടവ്.
ശ്രീനഗർ: ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ രാജിക്കു വഴിയൊരുക്കിയ ലൈംഗിക ആരോപണക്കേസിൽ മുൻ ഡിഐജി അടക്കം അഞ്ചുപേർക്ക് പത്തുവർഷം തടവ്. 12 വർഷം പഴക്കമുള്ള, പ്രായപൂർത്തിയായ പെണ്കുട്ടി പീഡിപ്പിക്കപ്പെട്ട കേസിലാണ് പ്രത്യേക കോടതി വിധി പറഞ്ഞത്.
ബിഎസ്എഫ് മുൻ ഡിഐജി കെ.എസ്.പഥി, ജമ്മു കാഷ്മീർ പോലീസ് മുൻ ഡിഎസ്പി മുഹമ്മദ് അഷ്റഫ് മിർ, മൂന്നു പ്രദേശവാസികൾ എന്നിവരാണു ശിക്ഷിക്കപ്പെട്ടത്. ഇവർ കുറ്റക്കാരാണെന്നു കോടതി നേരത്തെ വിധിച്ചിരുന്നു. കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ജമ്മു കാഷ്മീർ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും ഉൾപ്പെടുന്നു.
ശ്രീനഗർ കേന്ദ്രീകരിച്ച് 2006ലാണ് കേസ് ഉയർന്നുവരുന്നത്. പോലീസിനു ലഭിച്ച, 15 വയസുകാരി ഉൾപ്പെട്ട നീലച്ചിത്രം സംബന്ധിച്ച അന്വേഷണത്തിനൊടുവിൽ ലൈംഗിക വ്യാപാരത്തിലെ മുഖ്യകണ്ണിയായ സബീന ഉൾപ്പെടെ 56 പേർ അറസ്റ്റിലായി. സബീനയും ഭർത്താവും ഉൾപ്പെട്ട പെണ്വാണിഭസംഘമാണ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നത്.
കേസിന്റെ വിചാരണയ്ക്കിടെ സ്വാഭാവിക കാരണങ്ങളാൽ സബീനയും ഭർത്താവും മരിച്ചു. കേസിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് 2009ൽ അന്നത്തെ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കു രാജിവയ്ക്കേണ്ടതായും വന്നു. പിന്നീട് ഗവർണർ അദ്ദേഹത്തിന്റെ രാജി നിരസിച്ചു. സിബിഐ ഒമറിനു ക്ലീൻചിറ്റ് നൽകുകയും ചെയ്തു.