ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 44 സൈനികര്‍ കൊല്ലപ്പെട്ടു

സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തു.

0

ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തു.

പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍, സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു സൈനിക വാഹനവ്യൂഹം. സംഭവസ്ഥലത്തു നിന്ന് സ്ഫോടന ശബ്ദവും വെടിയൊച്ചയും കേട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

അതേസമയം  തീവ്രവാദികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി ആവശ്യപ്പെട്ടു. 2016 ല്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് സമാനമായ ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. പരിശീലനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സൈന്യത്തിനെതിരെ നടത്തിയ തീവ്രവാദി ആക്രമണം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന വാദവും ഉയര്‍ന്നു. ഇതുകൊണ്ട് തന്നെ തീവ്രവാദി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യവും ശക്തമായി.

കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആക്രമണത്തെ അപലപിച്ചു. ജവാന്‍മാരുടെ കുടുംബത്തിനൊപ്പമെന്ന് പറ‍ഞ്ഞ പ്രിയങ്ക രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്ന് വ്യക്തമാക്കി. പ്രിയങ്ക ലക്നൗവിൽ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം ആക്രമണത്തെ തുടര്‍ന്ന് ഒഴിവാക്കി. അതേ സമയം രാജ്യസുരക്ഷയുടെ കാര്യത്തിൽ മോദി സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല വിമര്‍ശിച്ചു.

വൈകീട്ട് 3.25 നാണ് ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിൽ അവന്തിപ്പൊരയിൽ ജമ്മുകശ്മീരിന്‍റെ ചരിത്രത്തിൽ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്ഫോടക വസ്തുവുമായി വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പുൽവാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്ഷെ മുഹമ്മദിൽ ചേര്‍ന്നതെന്നും ജമ്മു പൊലീസ് അറിയിച്ചു.

ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തിൽ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മ‍ാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. അന്വേഷണത്തിനായി 12 അംഗ എന്‍ഐഎ സംഘം നാളെ ജമ്മു കശ്മീരിലെത്തും. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു

You might also like

-