ജമ്മുവിൽ സുരക്ഷാ സേന കണ്ടെടുത്തവയില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളും
ഭീകരരില്‍ നിന്നും ചൈനീസ് ആയുധങ്ങള്‍ പിടിച്ചെടുത്തത് ആശങ്കയോടെയാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്
ശ്രീനഗര്‍ : കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ ഉണ്ടായ ഹന്ദ്വാരയില്‍ നിന്നും സുരക്ഷാ സേന കണ്ടെടുത്തവയില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളും. ചൈനീസ് ടൈപ്പ് 56 ആക്രമണ റൈഫിള്‍സുകളും ഡബ്യൂഎഎസ്ആര്‍ സീരീസ് തോക്കുകളുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായ പ്രദേശത്തു നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ച ഭീകരര്‍ ഉപയോഗിച്ചിരുന്നത് ഈ ആയുധങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഏറ്റുമുട്ടല്‍ പ്രദേശത്തു നിന്നും സുരക്ഷാ സേന കണ്ടെടുത്ത ആയുധങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ഭീകരരില്‍ നിന്നും ചൈനീസ് ആയുധങ്ങള്‍ പിടിച്ചെടുത്തത് ആശങ്കയോടെയാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ക്ക് ചൈനയുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ചൈനയും പാകിസ്താനും തമ്മിലുള്ള അനധികൃത ആയുധ ഇടപാട് സംബന്ധിച്ച സൂചനയും ഇത് നല്‍കുന്നുണ്ട്.
ഹന്ദ്വാരയില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെയാണ് വധിച്ചത്. ഇതില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ ഹൈദറിനെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റേ ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡര്‍മാരില്‍ ഒരാളാണ് ഹൈദര്‍.