പ്രളയാനന്തര പുനര്‍നിര്‍മാണം “ജനകീയം ഈ അതിജീവനം ” 20 ന് കട്ടപ്പനയില്‍

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം, വീടും സ്ഥലവും നഷ്ടപ്പെട്ട പ്രളയബാധിതര്‍ക്കായി വിട്ടുകിട്ടിയ ഭൂമിയുടെ പട്ടയ കൈമാറ്റം, വയറിംഗ് കിറ്റ് വിതരണം, മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ സംഘടനകളെ ആദരിക്കല്‍ എന്നിവ ഇതോടൊപ്പം നടക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

0

ഇടുക്കി :പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ഗുണഭോക്താക്കളുടെ സംഗമം-ജനകീയം ഈ അതിജീവനം- എന്ന പരിപാടി ജൂലായ് 20നു കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 11.30 ന് റോഷി അഗസ്റ്റിന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാനും കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണുമായ ജോയ് വെട്ടിക്കുഴിയും ജില്ലാ കളക്ടര്‍ എച്ച്.ദിനേശനും പത്രസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.

.പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം, വീടും സ്ഥലവും നഷ്ടപ്പെട്ട പ്രളയബാധിതര്‍ക്കായി വിട്ടുകിട്ടിയ ഭൂമിയുടെ പട്ടയ കൈമാറ്റം, വയറിംഗ് കിറ്റ് വിതരണം, മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ സംഘടനകളെ ആദരിക്കല്‍ എന്നിവ ഇതോടൊപ്പം നടക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും സംഘാടകസമിതി അറിയിച്ചു.

ജില്ലയില്‍ 239 ക്യാമ്പുകളിലായി 36702 (11706 കുടുംബങ്ങള്‍) ആളുകള്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റുവരെ താമസിച്ചിരുന്നു. 4430 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കി. ഇതിനായി 4.43 കോടി രൂപ ചെലവഴിച്ചു. 10803 കുടുംബങ്ങള്‍ക്ക് ക്യാമ്പുകളില്‍ നിന്നും മടങ്ങിയപ്പോള്‍ 22 ഐറ്റം കിറ്റുകള്‍ നല്‍കി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി മരിച്ച 57 പേരുടെ ആശ്രിതര്‍ക്ക് സഹായധനമായി 19,600,000 രൂപ നല്‍കി.

പ്രളയത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി 7 അവശ്യരേഖ അദാലത്തുകള്‍ നടത്തുകയും 331 സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുകയും ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന 21 സ്‌കൂള്‍ 27 അങ്കണവാടികള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണത്തിനായി 27,44,500 രൂപയും 245 കുട്ടികള്‍ക്ക് പഠനസഹായവും നല്‍കി.
മൃഗസംരക്ഷണ രംഗത്ത് 1042 കര്‍ഷകര്‍ക്ക് സഹായം നല്‍കി. 255 കര്‍ഷകര്‍ക്ക് പശുവിനെ വിതരണം ചെയ്യുകയും 205.33 മെട്രിക് ടണ്‍ കാലിത്തീറ്റയും വിതരണം ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന 930.6 കി.മീ പൊതുമരാമത്ത് റോഡുകളും പൊതുമരാമത്ത് വകുപ്പിന്റെ ഒരു പാലവും തദ്ദേശസ്ഥാപനങ്ങളുടെ 78.45 കി.മീ റോഡും നന്നാക്കി. 1009.05 കി.മീ റോഡുകള്‍ പുനര്‍ നിര്‍മ്മിച്ചു. ഇതിനായി 188.33 കോടി രൂപ ചെലവഴിച്ചു. ജില്ലയില്‍ പ്രളയത്തില്‍ 11,529.42 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 36888 കര്‍ഷകര്‍ക്ക് ദുരിതാശ്വാസവും 582 കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സും നല്‍കി. 9205 കര്‍ഷകര്‍ക്ക് വായ്പയ്ക്കുള്ള മൊറോട്ടോറിയവും 11860 കര്‍ഷകര്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ പ്രളയ സ്‌പെഷ്യല്‍ പാക്കേജ് സഹായവും ലഭിച്ചു. കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി 15.45 കോടി രൂപ ചെലവഴിച്ചു.

ആരോഗ്യരംഗത്ത് 0.18 കോടി രൂപ ചിലവഴിച്ച് ജില്ലയില്‍ രണ്ട് ആശുപത്രികള്‍ പുനരുദ്ധീകരിച്ചു. അതോടൊപ്പം 1040 പേര്‍ക്ക് മാനസികാശ്വാസ സഹായവും നല്‍കുകയും ചെയ്തു. ജില്ലയില്‍ 15288 വൈദ്യുതി കണക്ഷനുകള്‍ പുനസ്ഥാപിക്കുകയും ഇതിനായി 0.6748 കോടി രൂപ ചെലവഴിച്ചു. 0.35 കോടി രൂപ ചെലവഴിച്ച് 11 ട്രാന്‍സ്‌ഫോര്‍മറുകള്‍ പുനസ്ഥാപിച്ചു. 1.4554 കോടി രൂപ ചെലവഴിച്ച് 3460 പോസ്റ്റുകളും 3.25 കോടി രൂപ ചെലവഴിച്ച് 605 കി.മീ വൈദ്യുതി കമ്പിയും പുനസ്ഥാപിച്ചു. 958 വനിതകള്‍ക്ക് കുടുംബസഹായ വായ്പ നല്‍കി. ഇതിനായി 9.46 കോടി രൂപ ചെലവഴിച്ചു. ഫെസിലിറേറഷന്‍ ഹബ്ബ് പൂര്‍ണ്ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിനായി നാല് ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഫെസിലിറ്റേഷന്‍ ഹബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഹബ്ബിലും ഒരു സിവില്‍ എഞ്ചിനീയര്‍ ഡാറ്റാ ഓപ്പറേറ്റര്‍, രണ്ട് ഫീല്‍ഡ് സ്റ്റാഫ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
പത്ര സമ്മേളനത്തില്‍ സംഘാടകസമിതി കണ്‍വീനര്‍ ആയ ഇടുക്കി തഹസീല്‍ദാര്‍ വിന്‍സെന്റ് ജോസഫ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, കട്ടപ്പന വില്ലേജ് ഓഫീസര്‍ ജെയ്‌സണ്‍ ജോര്‍ജ്ജ്, , അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി ബിജു, രതീഷ് വി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
.

You might also like

-