കേരളത്തിലെ ബി ജെ പി നേതാക്കൾക്ക് താല്പര്യം ഫ്ലക്സ് ബോര്‍ഡുകളിലും പൊതുപരിപാടികാലും മാത്രം ജേക്കബ്ബ് തോമസ്
ആര്‍എസ്എസ് മുന്നിലേക്ക് വരുമ്പോള്‍ മാത്രമേ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം കാര്യമായി തുടങ്ങുകയുള്ളൂ. അതല്ലാത്ത സമയത്ത്, വെറും പ്രദര്‍ശനം മാത്രമാണ്. ബിജെപി നേതാക്കള്‍ക്ക് ഫ്ലക്സ് ബോര്‍ഡുകളിലും പൊതുപരിപാടികളിലുമാണ് കൂടുതല്‍ താല്‍പര്യം. ജനങ്ങള്‍ വോട്ട് ചെയ്യുന്നത് ഹോര്‍ഡിംഗുകളോ വലിയ റാലികളോ കണ്ടല്ലെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. സാധാരണക്കാരനുമായി ബന്ധപ്പെടുക എന്നതാണ് കൂടുതല്‍ പ്രധാനം.
തിരുവനന്തപുരം| സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് കൂടുതല്‍ താല്‍പര്യം ഫ്ലക്സ് ബോര്‍ഡുകളിലും പൊതുപരിപാടികളിലുമെന്ന് ബിജെപി നേതാവ് ജേക്കബ്ബ് തോമസ്. ഒരു ദിന പത്രത്തിന് നൽകിയ അഭിമുഖ പരിപാടിയില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി തോല്‍വിയുടെ കാരണങ്ങള്‍ പറയുകയായിരുന്നു അദ്ദേഹം. ‘ആര്‍എസ്എസ് മുന്നിലേക്ക് വരുമ്പോള്‍ മാത്രമേ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം കാര്യമായി തുടങ്ങുകയുള്ളൂ. അതല്ലാത്ത സമയത്ത്, വെറും പ്രദര്‍ശനം മാത്രമാണ്. ബിജെപി നേതാക്കള്‍ക്ക് ഫ്ലക്സ് ബോര്‍ഡുകളിലും പൊതുപരിപാടികളിലുമാണ് കൂടുതല്‍ താല്‍പര്യം. ജനങ്ങള്‍ വോട്ട് ചെയ്യുന്നത് ഹോര്‍ഡിംഗുകളോ വലിയ റാലികളോ കണ്ടല്ലെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. സാധാരണക്കാരനുമായി ബന്ധപ്പെടുക എന്നതാണ് കൂടുതല്‍ പ്രധാനം. ഭൂരിപക്ഷം ബിജെപി നേതാക്കള്‍ക്കും ജനങ്ങളുമായി ഒരു ബന്ധവുമില്ല’, ജേക്കബ്ബ് തോമസ് ബിജെപി തോല്‍വിയുടെ കാരണങ്ങള്‍ വിശദമാക്കി.
താഴെ തട്ടില്‍ ബിജെപി ഇല്ല. അതാണ് ആദ്യം ചെയ്യേണ്ടത്. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയാന്‍ കഴിയുന്ന പ്രാദേശിക നേതാക്കളുണ്ടാവണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്കിടയില്‍ ബിജെപിക്ക് സ്വീകാര്യത ലഭിക്കുകയുള്ളൂ’, ബിജെപി വിജയിക്കണമെങ്കില്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തോട് ജേക്കബ്ബ് തോമസ് മറുപടി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 35 സീറ്റുകളില്‍ വിജയിക്കുമെന്ന് അവകാശവാദം നടത്തിയതിനെ കുറിച്ചും മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായ ജേക്കബ്ബ് തോമസ് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു രാഷ്ട്രീയ നേതാവ് അങ്ങനെയൊക്കെ സംസാരിക്കുന്നത് സ്വാഭാവികമാണ്. ശബരിമല പ്രക്ഷോഭത്തെ തുടര്‍ന്നാണ് സുരേന്ദ്രന്‍ അദ്ധ്യക്ഷനാവുന്നത്. ആ സമയത്തെ ഏറ്റവും നല്ല പേരായിരുന്നു അത്. ഇപ്പോള്‍ സുരേന്ദ്രനെ മാറ്റിയാല്‍, മറ്റാരുണ്ട്?’, എന്നായിരുന്നു പ്രതികരണം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ സാധ്യതയാണ് ബിജെപിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് പോലെയല്ല ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചെയ്യുന്നത് എന്നതാണ് കാരണം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യും. അങ്ങനെയാണ് താന്‍ കരുതുന്നത്. അണിയറയില്‍ നടക്കുന്ന നീക്കങ്ങളെ കുറിച്ച് തനിക്കറിയാം. മുമ്പത്തെ പോലെ കേരളത്തിലെ ക്രിസ്ത്യാനികളുടെ കുത്തകാവകാശം ഇന്നാര്‍ക്കുമില്ല. ഞങ്ങള്‍ സമുദായത്തിലെ ഓരോ വിഭാഗങ്ങളുമായും നല്ല ബന്ധത്തിലാണ്. കൂടുതല്‍ ഇപ്പോള്‍ വിശദീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.