ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.
ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു.100 കണക്കിന് വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്
ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.20 മണിക്കൂറായി റോമിലെ വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങികിടക്കുന്നു. എംബസിയില്‍ നിന്ന് ആരും ബന്ധപ്പെട്ടില്ലെന്ന് കുടുങ്ങികിടക്കുന്നവര്‍ മീഡിയവണിനോട് പറഞ്ഞു. ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു.100 കണക്കിന് വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. മിലാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റെടുത്തവരാണ് കുടുങ്ങിയത്. കോവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടതായി വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ പറയുന്നു
ഇറ്റലിയിലെ റോം വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ ഇന്ത്യയിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മടങ്ങിവരവിന് തടസ്സമായ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ സർക്കുലർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. 45 പേരടങ്ങുന്ന മലയാളി സംഘമാണ് ഇറ്റലിയിലെ റോം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞ അഞ്ചാം തീയതി പുറപ്പെടുവിച്ച സർക്കുലറാണ് ഇവർക്ക് വിനയായത്. ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കെറിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇന്ത്യയിൽ ഇറക്കാമെന്ന കത്ത് ലഭിച്ചാലേ യാത്രക്ക് അനുമതി നൽകാൻ സാധ്യമാവൂ എന്നാണ് വിമാനക്കമ്പനിയായ എമിറേറ്റ്സും വിമാനത്താവള അധികൃതരും മലയാളികളായ യാത്രക്കാരെ അറിയിച്ചിട്ടുള്ളത്.
ഇറ്റലിയിൽ നിന്നും വരാൻ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകൂ എന്ന നിർദ്ദേശം നൽകിയതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ടെസ്റ്റ് റിപ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ നിരവധി മലയാളികൾ ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നതായി അറിയാൻ കഴിഞ്ഞു. യാത്രക്കാർക്ക് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ്. രോഗികളുടെ ബാഹുല്യം നിമിത്തം വിദേശത്തെ അധികൃതർ യാത്രക്കാരെ യഥാസമയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിൽ വിമുഖത കാണിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതു നിമിത്തം ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഒട്ടനവധി പ്രയാസം നേരിടേണ്ടി വരുന്നുണ്ട്.
രോഗം പരക്കാൻ ഇടയാകാത്ത വിധം മുൻകരുതലുകളെടുക്കണം എന്ന കാര്യത്തിൽ സംശയമില്ല എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കപ്പെടേണ്ടതാണ്. ഇന്ത്യയിലേക്ക് എത്തുമ്പോൾ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കിൽ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനവും നമ്മുടെ രാജ്യത്തുണ്ട്.
ഈ സർക്കുലർ പിൻവലിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഇറ്റലിയിലെ എയർപോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അഭ്യർത്ഥിക്കുന്നു
എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മലയാളി സംഘം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. നാട്ടിലെത്തിയാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പുറപ്പെടുവിച്ച സർക്കുലർ ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് അകാരണമായ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മടങ്ങി വരുന്നവരെ പരിശോധിക്കാനും ആവശ്യമെങ്കിൽ നീരിക്ഷണത്തിൽ വെക്കാനുള്ള സൗകര്യം രാജ്യത്തുണ്ട്. അതിനാൽ തന്നെ സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകണം എന്നീ കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് പുലര്‍ച്ചെ ഇറ്റലിയില്‍നിന്ന് എത്തിയ 42 പേരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ രണ്ടരയോടെ ദോഹ വഴിയെത്തിയ സംഘത്തെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഘത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. പരിശോധന ഫലം നെഗറ്റീവ് ആയാൽ മാത്രമേ ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിക്കുകയുള്ളു