ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ് മുഖ്യമന്ത്രി

. ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിപിഎം റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീൻ നിലപാടിന് ഒപ്പമായിരുന്നു

0

കോഴിക്കോട് | ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ്. പലസ്തീൻ ജനതക്ക് നേരെയുളള നരനായാട്ട് നിർത്തണമെന്നും പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീൻ ജനങ്ങൾക്ക് നേരെയുളള ഇസ്രയേൽ ആക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്രൂരമായ ആക്രമണമാണ് പലസ്തീന് നേരെ നടക്കുന്നത്. പലസ്തീൻ പ്രശ്നത്തിൽ അമേരിക്കൻ സാമ്രാജ്യത്ത്വത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിപിഎം റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീൻ നിലപാടിന് ഒപ്പമായിരുന്നു. ചേരി ചേരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് ഇന്ത്യയുടെ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്ക് ഉണ്ടായിരുന്നു. നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്ന് വന്നു. പാലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചുള്ളൂ.

ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലക്ക് നമ്മൾ കണ്ടിരുന്നില്ല. നെഹ്‌റുവാണ് ആ നിലപാടിന് തുടക്കം കുറിച്ചത്. ഇസ്രായേലുമായി ഇന്ത്യ ബന്ധം പുലർത്തിയില്ല. യു പി എ ഭരിക്കുമ്പോൾ ഇടതുപക്ഷത്തിനു നൽകിയ ഉറപ്പ് പാലിക്കാതെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താത്പര്യത്തിന് പുറകെ പോയി. അന്നത്തെ നയവും ഇപ്പോളത്തെ ബിജെപി നയവും തമ്മിൽ എന്താണ് വ്യത്യാസമുള്ളത്? അമേരിക്കൻ കൂട്ടുകെട്ട് ശരിയല്ലെന്ന് അന്ന് തന്നെ ഇടതുപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അവരുടെ സഖ്യകക്ഷിയാവുകയായിരുന്നു യുപിഎ സർക്കാരിന്റെ ലക്ഷ്യം. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്.

അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റി. രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്ന് പറയുന്ന രാഷ്ടീയ പാർട്ടിയുടെ സ്വരം കേരളത്തിൽ തന്നെ വ്യത്യസ്തമായി കേൾക്കുന്നുവെന്ന് കോൺഗ്രസിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. കോഴിക്കോട് തന്നെ നടന്ന പരിപാടിയിൽ വ്യത്യസ്ത ശബ്ദം കേട്ടുവെന്നും അത് പ്രത്യയശാസ്ത്രപരമായതെന്നും അദ്ദേഹം വിമർശിച്ചു. തെറ്റായ രീതി രാജ്യത്ത് ചിലർ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിനു അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെയടക്കം തിരുത്തുന്നതിന് ഇത് പോലെയുള്ള പരിപാടികൾക്ക് സാധിക്കണം.

രാജ്യത്തെ ജനങ്ങൾ പലസ്തീനൊപ്പമാണ്. ചിലർ അത്തരം നിലപാടല്ല എടുക്കുന്നത്. ഇത്തരം ഐക്യദാർഢ്യ പരിപാടികൾ അവരെ തിരുത്താൻ കൂടി ഉപകരിക്കും. ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പിൽ നിന്ന് രാജ്യം വിട്ടു നിന്നതിലൂടെ ലോകത്തിന് മുന്നിൽ രാജ്യം അപമാനിതമായി. കൃത്യമായ സയോണിസ്റ്റ് പക്ഷപാതമാണിതെന്നും അദ്ദേഹം വിമർശിച്ചു.

ആർഎസ്എസ് അംഗീകരിച്ച തത്വ സംഹിത ഹിറ്റ്‌ലറുടെ പ്രത്യയ ശാസ്ത്രത്തിൽ നിന്ന് എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി സഹകരണത്തിൽ അഭിമാനിക്കുന്ന നിലപാടാണ് ബിജെപിക്ക്. ബിജെപി നിലപാട് രാഷ്ട്രത്തിന്റെ നിലപാടായി മാറരുതെന്നു റാലി ആവശ്യപ്പെടുന്നു. കേരളത്തിന്റെ മണ്ണിൽ ഇത്തരം റാലി നടക്കുന്നുവെന്നത് പ്രത്യേകതയുള്ള കാര്യമാണ്. പല ദേശങ്ങളിലും ഇല്ലാത്ത മനുഷ്യത്വ പ്രതികരണം ഉണ്ടായ സ്ഥലമാണിത്. ഇത്തരം സവിശേഷത കൊണ്ടാണ് പ്രതികരണത്തിന് തയ്യാറായത്. സിപിഎം നടത്തുന്നുവെങ്കിലും സിപിഎമ്മുകാർ മാത്രമല്ല പരിപാടിക്കുള്ളത്. മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്നു.

സിപിഎം പലസ്തീൻ റാലിയിലേക്ക് വിളിച്ചാൽ വരുമെന്ന് ചിലർ പറഞ്ഞു. അങ്ങനെ പറഞ്ഞതുകൊണ്ടാണ് ക്ഷണിച്ചത്. എന്നാൽ അവർ വരില്ലെന്ന് അറിയാമായിരുന്നു. മണിപ്പൂർ ജനതയോട് ഒപ്പമുണ്ട് എന്ന് പറയാതിരുന്നവർ ഇസ്രായേലിന് ഒപ്പമുണ്ടെന്നു പ്രഖ്യാപിക്കുന്നത് കണ്ടു. ഇന്ത്യയിൽ ഇസ്രായേലിന് നയതന്ത്ര ഓഫീസ് തുറക്കാൻ അനുവദിച്ചത് ആരാണ്? ഇസ്രായേൽ ചാരസംഘടനയുമായി സഹകരിക്കാമെന്നു നിശ്ചയിച്ചത് ആരാണ്? ഇതെല്ലാം ഇഴ കീറി പരിശോധിക്കണം. എന്നും പലസ്തീന് ഒപ്പമാണ് സി പി എം. ഇതിൽ നിലപാട് സ്വീകരിക്കാൻ പറ്റാത്ത ചിലരുണ്ട്. ആരുടെയും പേരെടുത്തു പറയുന്നില്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം. നീതിയും അനീതിയും ഏറ്റുമുട്ടുമ്പോൾ ഇടതുപക്ഷത്തിനു നിഷ്‌പക്ഷ നിലപാടില്ല. നമ്മളെന്നും പലസ്തീനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-