അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകള്‍ സംഘർഷ മേഖലയിലേക്ക്
ടെഹ്‌റാന്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ബിട്ടനും അമേരിക്കയും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍
ടെഹ്റാന്‍| ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് തടയാനായില്ലെന്ന് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. ടെഹ്‌റാന്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ബിട്ടനും അമേരിക്കയും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈഫയിലും ടെല്‍ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാനെ പിന്തുണയ്ക്കുമെന്ന് ഹൂതികള്‍ അറിയിച്ചു. ടെഹ്റാനില്‍ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ തുടരുന്നുവെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
അതേസമയം അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. ഇറാന്‍റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ്. ഇതു തകര്‍ക്കുന്നതിനായുള്ള ബംങ്കര്‍ ബസ്റ്റിങ് ബോംബുകളാണ് ഇസ്രയേല്‍ നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ അമേരിക്ക ഇത് നല്‍കിയിട്ടില്ല. അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകള്‍ സംഘർഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേൽ യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകാനാണ് ഇവയെന്ന് സൂചന.വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ ഭരണ നേതൃത്വം അടിയന്തിര യോഗം ചേരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്, പ്രതിരോധ, വിദേശ കാര്യ സെക്രട്ടറിമാർ,ദേശീയ സുരക്ഷാ കൗൺസിൽ, രഹസ്യാന്വേഷണ മേധാവി തുടങ്ങിയവർ പങ്കെടുക്കുന്നു എന്നാണ് വിവരം. അമേരിക്കയുടെ തുടർ നടപടികൾ ചർച്ച ചെയ്യാനാണ് യോഗം.
ഇതിനിടെ ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പെട്ടെന്നുണ്ടായ സംഘര്‍ഷത്തില്‍ അഗാധമായ ആശങ്കയുണ്ടെന്ന് ഷീ ജിന്‍പിങ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവ ലംഘിക്കുന്ന ഏതൊരു നടപടിയെയും എതിര്‍ക്കുന്നതായി ഷി ജിന്‍പിങ്ങിനെ ഉദ്ധരിച്ച് ചൈനയുടെ വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.