കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജം ?

നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്തുമായി ഒപ്പിട്ട പാട്ടക്കരാറിൽ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ ടിവി നിടുവാലൂർ എന്നാണ് രേഖപ്പെടുത്തിയത്.

കണ്ണൂര്‍ | എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസമാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംരംഭകന്‍ പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് പരാതി തിയതി മാറ്റി നിര്‍മിച്ചതെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പരാതിയിലെ ഒപ്പിലും പേരിലും വ്യത്യസം ശ്രദ്ധയിൽ പെട്ടിട്ടുള്ളത് .പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തൻ്റെ ഒപ്പിൽ വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തിയത്. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കിൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്.എഡിഎം കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പരാതിക്കാരന്റെ പേര് പ്രശാന്തന്‍ ടി വി എന്നാണ് നല്‍കിയിരിക്കുന്നത്. പാട്ടക്കരാറിലാകട്ടെ സംരംഭകന്റെ പേര് പ്രശാന്ത് എന്നുമാണ്. രണ്ടിലേയും ഒപ്പിലും വ്യത്യാസമുണ്ട്.
നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്തുമായി ഒപ്പിട്ട പാട്ടക്കരാറിൽ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ ടിവി നിടുവാലൂർ എന്നാണ് രേഖപ്പെടുത്തിയത്. പ്രശാന്ത് നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന് ഇന്നലെ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതോടെ പേരും ഒപ്പും സംബന്ധിച്ച വ്യത്യാസം വലിയ ചോദ്യചിഹ്നമായി മാറി

ശ്രീകണ്ടപുരം സ്വദേശിയും പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരനുമായ പ്രശാന്തന്‍ പെട്രോള്‍ പമ്പ് നിര്‍മാണത്തിനുളള എന്‍ഒസിക്കായി നല്‍കിയ അപേക്ഷ കൈകാര്യം ചെയ്തതില്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ഭാഗത്ത് കാലതാമസമോ വീഴ്ചയോ വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. 2023 ഡിസംബര്‍ രണ്ടിന് എന്‍ഒസിക്കായി പ്രശാന്ത് അപേക്ഷ സമര്‍പ്പിക്കുമ്പോൾ നവീനായിരുന്നില്ല എഡിഎം. ഫെബ്രുവരിയില്‍ കണ്ണൂര്‍ എഡിഎം ആയി നവീന്‍ ചുമതലയേറ്റ ശേഷമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് എന്‍ഒസിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നത്. പഞ്ചായത്ത്, സപ്ലൈ ഓഫീസ്, ഫയര്‍ ഓഫീസ് തുടങ്ങി വിവിധ ഏജൻസികളില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് വന്നെങ്കിലും പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് വളവുണ്ടെന്ന പേരില്‍ ജില്ലാ പൊലീസ് മേധാവി എന്‍ഒസി നല്‍കുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട് . ഇതിന് പിറകെ സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു . ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത് സെപ്റ്റംബർ 30 നാണ്. ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകുകയും ചെയ്തു

You might also like

-