ഐഎസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകിയ കാസർകോട് സ്വദേശി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.
2016 ലാണ് ഐഎസ്സിൽ ചേരുന്നതിനായി റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിൽ 21 അംഗ സംഘം അഫ്ഗാനിസ്ഥാനിലേക്ക് പോയത്.
ഭീകരസംഘടനയായ ഐഎസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകിയ കാസർകോട് സ്വദേശി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കാബൂളിൽ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ റാഷിദ് അബ്ദുള്ളയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് ആക്രമണത്തിൽ റാഷിദിനൊപ്പം ഇന്ത്യക്കാരായ 9 പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്
ഇതിൽ രണ്ട് സ്ത്രീകളും നാല് കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്. ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പിൽ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സന്ദേശം പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2016 ലാണ് ഐഎസ്സിൽ ചേരുന്നതിനായി റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിൽ 21 അംഗ സംഘം അഫ്ഗാനിസ്ഥാനിലേക്ക് പോയത്. റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് മലയാളികളെ ഐഎസ്സിൽ എത്തിച്ചിരുന്നതെന്നും മലയാളി യുവാക്കളെ ലക്ഷ്യമിട്ട് ഇയാൾ വ്യാപകമായി ടെലഗ്രാം സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നെന്നും എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു. അതേ സമയം റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി നേരത്തെയും വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇതിന് പിന്നാലെ ഇതെല്ലാം തള്ളി ഇയാളുടെ വീഡിയോ സന്ദേശങ്ങൾ വീണ്ടുമെത്തുകയായിരുന്നു