ഇസ്രായേലി നഗരങ്ങളിൽ തീ മഴ സൃഷ്ടിച്ച് ഇറാന്റെ മിസൈൽ വർഷം,ഇറാൻ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊർജ്ജ മേഖലകളെയും ഇസ്രയേൽ ലക്ഷ്യം വെച്ചു.
തെഹ്റാൻ| പശ്ചിമേഷ്യയിൽ ആശങ്ക സൃഷ്ടിച്ചു ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു.ഇസ്രായേലിലെ യുദ്ധവിമാന -ഇന്ധന ഉൽപാദന സൗകര്യങ്ങളെയും ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ ഏറ്റവും ഒടുവിൽ ഹൈഫയിൽ നടത്തിയ മിസൈൽ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിൻ്റെ ഊർജ്ജ മേഖലകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊർജ്ജ മേഖലകളെയും ഇസ്രയേൽ ലക്ഷ്യം വെച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇറാൻ്റെ 100ൽ അധികം ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 80 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.
ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വ്യാപക നാശമുണ്ട്. ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. വ്യോമപ്രതിരോധ സംവിധാനം പൂർണ സജ്ജമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിലെ എണ്ണപ്പാടവും ഇസ്രായേൽ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്.
ഇസ്രയേലിൻ്റെ 10 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വടക്കൻ ഇസ്രയേലിൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ ഇസ്രായേലിൽ ആക്രമണ മുന്നറിയിപ്പിൻ്റെ ഭാഗമായി സൈറണുകൾ മുഴങ്ങുന്നവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശത്രു വിമാനങ്ങൾ നുഴഞ്ഞ് കയറിയതിനെ തുടർന്ന് വടക്കൻ ഇസ്രായേലിൽ സൈറണുകൾ മുഴങ്ങുന്നു എന്നാണ് ഇസ്രയേൽ സൈന്യം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.