എണ്ണപ്പാടങ്ങളെ ആക്രമിച്ചത് ഇറാൻഎന്ന് സൗദി,നിഷേധിച്ച് ഇറാൻ
ആക്രമണത്തിന് പിന്നിൽ ഇറാന്‍റെ കൈകളുണ്ടെന്നത് സംശയരഹിതമായി തെളിയിക്കുന്നതാണ് ഇതെന്നും സൗദി പ്രതിരോധവക്താവ് പറയുന്നു.
റിയാദ്: സൗദിയിലെ എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ തന്നെയാണെന്നതിന് ‘തെളിവുകൾ’ പുറത്തുവിട്ട് സൗദി അറേബ്യ. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങളും കഴിഞ്ഞ കുറച്ചു കാലമായി സൗദിക്ക് നേരെ ‘ഇറാൻ പിന്തുണയ്ക്കുന്ന’ ഹൂതി വിമതരുടെ ആക്രമണങ്ങളുടെ കണക്കുകളും അവതരിപ്പിച്ചാണ് സൗദി പ്രതിരോധവക്താവ് തുർക്കി-അൽ-മാലിക്കിയുടെ വാർത്താസമ്മേളനം.
ഇറാന്‍റെ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച, അല്ലെങ്കിൽ കൈമാറിയ ആയുധങ്ങളാണെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, അതാണ് പ്രദർശിപ്പിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് സൗദി വാർത്താസമ്മേളനം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ഇറാന്‍റെ കൈകളുണ്ടെന്നത് സംശയരഹിതമായി തെളിയിക്കുന്നതാണ് ഇതെന്നും സൗദി പ്രതിരോധവക്താവ് പറയുന്നു. പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ചു കൊണ്ടാണ് സൗദിയുടെ വാർത്താ സമ്മേളനം. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാനെ കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഈ വാർത്താ സമ്മേളനം.
ആക്രമണം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
ഇതുവരെ സൗദിയ്ക്ക് നേരെ ഇറാൻ പിന്തുണയ്ക്കുന്നവരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 113 പേരാണെന്ന് സൗദി വ്യക്തമാക്കുന്നു. 1030 പേർക്ക് പരിക്കേറ്റു. വൻതോതിൽ നാശനഷ്ടങ്ങളുണ്ടെന്നും കണക്കുകൾ നിരത്തി സൗദി പറയുന്നു.
എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണമുണ്ടായത് വ്യക്തമായും വടക്ക് ഭാഗത്തു നിന്നാണെന്നും ഇത്, അതുകൊണ്ട് യെമന്‍റെ ഭാഗത്ത് നിന്നല്ല ആക്രമണങ്ങളെന്നത് വ്യക്തമാണെന്നും സൗദി. മിസൈലുകൾ തൊടുത്തത് സംശയലേശമന്യേ, ഇറാന്‍റെ സഹായത്തോടെയാണെന്നും സൗദി വ്യക്തമാക്കുന്നു.
ഇറാന്‍റെ സൈനികശക്തി പ്രകടനത്തിൽ അവതരിപ്പിച്ച അതേ ഡ്രോണുകളുടെ മാതൃകയിലുള്ള ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ചിത്രങ്ങൾ സഹിതം സൗദി ആരോപിക്കുന്നു.
ഇറാന്‍റെ ഡെൽട്ടാ വിങ് ആളില്ലാ ചെറുവിമാനങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് തന്നെ ഇറാനാണ് ആക്രമണത്തിന് പിന്നിൽ എന്നത് തെളിയിക്കുന്നുവെന്ന് പ്രതിരോധവക്താവ് തുർക്കി-അൽ-മാലിക്കി. ”തീർച്ചയായും ഇതിനെതിരെ നടപടിയുണ്ടാകു”മെന്ന് സൗദി മുന്നറിയിപ്പ് നൽകുന്നു. എങ്ങനെയെന്ന കാര്യം പിന്നീട് തെളിയിക്കും. ആക്രമണങ്ങളെയെല്ലാം സൗദിയുടെ പ്രതിരോധവിഭാഗം കർശനമായി നേരിട്ടിട്ടുണ്ട്. സ്വന്തം പ്രതിരോധവിഭാഗത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും സൗദി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുന്നു.
അമേരിക്കയ്ക്ക് നൽകിയ കത്തിൽ ആക്രമണത്തിന് പിന്നിൽ പങ്കില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇതോടെ, മധ്യപൂർവ പ്രദേശത്ത് സംഘർഷസാധ്യത രൂക്ഷമായിരിക്കുകയാണ്.
യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. സൗദിയും യുഎഇയും നേതൃത്വം നൽകുന്ന മധ്യപൂർവദേശത്തെ സഖ്യത്തിനെതിരെ 2015 മുതൽ നിലകൊള്ളുന്ന ഹൂതി വിമതർ, ‘ആക്രമണം ഇനിയും പടരും, കരുതിയിരിക്കണം’ എന്ന മുന്നറിയിപ്പാണ് സൗദിക്ക് നൽകുന്നത്.
ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന വിമർശനം അമേരിക്ക ഉന്നയിച്ചുകഴിഞ്ഞു. ഇറാന്‍റെ മണ്ണിൽ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത്. എന്നാൽ അദ്ദേഹം അതിന് തെളിവുകളൊന്നും മുന്നോട്ടുവച്ചില്ല. ഈ ആരോപണം ഇറാൻ ശക്തമായി നിഷേധിച്ചു. ഇറാനെതിരെ ആക്രമണം നടത്താൻ കാരണം കണ്ടെത്തുകയാണ് അമേരിക്കയെന്നാണ് ഇറാനിയൻ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് സാരിഫ് വ്യക്തമാക്കി.
സൗദി അറേബ്യയാകട്ടെ, ഈ ഭീകരപ്രവർത്തനത്തെ, കൃത്യമായി എതിരിടുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. തിരിച്ചടിക്കാനുള്ള ശേഷി സൗദിക്കുണ്ടെന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇതിന് സൗദിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ ഒരു സൈനിക നീക്കത്തിന്, സൗദിക്കൊപ്പമുണ്ടാകുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.
പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സൗദി അറേബ്യ വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. യെമനിൽ നിന്നല്ല ആക്രമണമുണ്ടായിരിക്കുന്നതെന്നതിന് കൃത്യമായ തെളിവുകളുണ്ടാകുമെന്നാണ് സൗദി അവകാശപ്പെടുന്നത്.
ഹൂതികൾക്ക് ഇത്തരമൊരു ആക്രമണം നടത്താനുള്ള സാങ്കേതികവിദ്യ സ്വന്തമായില്ലെന്നാണ് സൗദി വ്യക്തമാക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പേ, 1500 കിലോമീറ്റർ വരെ ദൂരം ആക്രമണം നടത്താനുള്ള ഡ്രോൺ സാങ്കേതികവിദ്യ ഹൂതികൾ സ്വന്തമാക്കിയതായി ഐക്യരാഷ്ട്രസഭ തന്നെ വെളിപ്പെടുത്തിയിരുന്നു. ഹൂതി നിയന്ത്രണമേഖലയിൽ നിന്ന് ഏതാണ്ട് 1000 കിലോമീറ്റർ ദൂരത്താണ് ആക്രമണം നടന്ന അബ്ഖ്വെയ്ഖ് എണ്ണ സംസ്കരണശാലയുള്ളത്. എന്നാൽ ഇത്ര കൃത്യമായി അതേ മേഖലയിൽത്തന്നെ മിസൈലാക്രമണം നടത്താനുള്ള സാങ്കേതിക വിദ്യ സ്വന്തമാകണമെങ്കിൽ, അത്രയും മികച്ച ഡ്രോണുകൾ വേണം. ഇത് നൽകി ഇറാൻ ഹൂതികളെ സഹായിക്കുന്നുവെന്നാണ് സൗദിയുടെ ആരോപണം. എന്നാലിത് ഇറാനും ഹൂതി വിമതരും ഒരേപോലെ നിഷേധിക്കുകയും ചെയ്യുന്നു.
സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണത്തിന്‍റെ പ്രഭവകേന്ദ്രം യമൻ ആകണമെന്നില്ലെന്ന് അമേരിക്ക വാദിക്കുന്നത്. ഇറാനെതിരെ അമേരിക്കയുൾപ്പടെ ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നാണ് അമേരിക്കയുടെ ആരോപണം.
ആക്രമിക്കപ്പെട്ട ഭാഗങ്ങളുടെ ചിത്രങ്ങൾ പരിശോധിച്ചാൽ ആക്രമണം തെക്ക് ഭാഗത്തുള്ള യെമനിൽ നിന്ന് വരുന്നതിനേക്കാൾ, നേരെ എതിർദിശയിലുള്ള ഇറാനിൽ നിന്നോ ഇറാഖിൽ നിന്നോ വന്നിരിക്കാനാണ് സാധ്യതയെന്നാണ് അമേരിക്കയുടെ ആരോപണം.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തിലുള്ള നയതന്ത്രസംഘം സൗദി അറേബ്യയിലേക്ക് തിരിച്ചിട്ടുണ്ട്. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പോംപിയോ കാണും. ‘ഇറാന്‍റെ ഈ പ്രകോപനപരമായ നീക്ക’ത്തിനെതിരെ എന്ത് നടപടികളെടുക്കണമെന്ന കാര്യം ചർച്ച ചെയ്യും.
അതിന് ശേഷം യുഎഇ തലസ്ഥാനമായ അബുദാബിയിലെത്തി, ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് രാജകുമാരനെയും പോംപിയോ കാണുന്നുണ്ട്.
ശനിയാഴ്ച പുലർച്ചെ 3.31-നും 3.42-നുമാണ് സൗദി അരാംകോയുടെ ഖുറൈസ് എണ്ണപ്പാടത്തും, ഇതിനടുത്തുള്ള അബ്ഖ്വെയ്‍ഖ് സംസ്കരണശാലയിലും വൻ ആക്രമണമുണ്ടായത്. സൗദി അറേബ്യൻ രാജഭരണകൂടത്തിന്‍റെ നെറ്റിയിലെ വജ്രമായാണ് വൻ ലാഭം നേടിക്കൊടുക്കുന്ന സൗദി അരാംകോ അറിയപ്പെടുന്നത്.
മണിക്കൂറുകളെടുത്താണ് എണ്ണസംസ്കരണശാലയിലെ തീയണച്ചത്. എണ്ണസംസ്കരണശാലയിലും എണ്ണപ്പാടത്തും ആക്രമണമുണ്ടാക്കിയ നാശം ചെറുതല്ല. ഇന്ന് മാത്രം, സൗദിയുടെ എണ്ണ ഉത്പാദനം പകുതിയായി ഇടിഞ്ഞു. ദിവസം 97 ലക്ഷം ബാരൽ എണ്ണയാണ് ഇവിടെ നിന്ന് ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ അത് നേരെ പകുതിയായി. ഇന്ന് ആകെ 50 ലക്ഷമായി ഈ ഉത്പാദനം കുറഞ്ഞു. ഇത് ആഗോള എണ്ണ ഉത്പാദനത്തെയും ഗുരുതരമായി ബാധിച്ചു. ആകെയുള്ള എണ്ണ ഉത്പാദനം അഞ്ച് ശതമാനം ഇടിഞ്ഞു.