ഐഎൻഎക്സ് മീഡിയ  ചിദംബരത്തിന്റെ കസ്റ്റഡി തിങ്കളാഴ്ചവരെ നീട്ടി

രേഖകൾ വെച്ച് ചിദംബരത്തെ വീണ്ടും ചോദ്യംചെയ്യാനുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു.

0

ഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ  പി ചിദംബരത്തിന്‍റെ സിബിഐ കസ്റ്റഡി തിങ്കളാഴ്ചവരെ നീട്ടി. ഇന്ന് കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയ ചിദംബരം കസ്റ്റഡിയില്‍ തുടരാന്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിരുന്നു. രേഖകൾ വെച്ച് ചിദംബരത്തെ വീണ്ടും ചോദ്യംചെയ്യാനുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കൂടാതെ ഇതുവരെയുള്ള അന്വേഷണത്തിന്‍റെ പുരോഗതിയും കോടതിയെ സിബിഐ അറിയിച്ചു.

എട്ടു ദിവസമായി സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ചിദംബരം നൽകിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ അടുത്ത അഞ്ചിനാണ് സുപ്രീംകോടതി വിധിപറയുന്നത്. അതുവരെ പരിരക്ഷയുള്ളതിനാല്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ഉണ്ടാകാനിടയില്ല. ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിനെതിരെ ഉള്ള തെളിവുകൾ സീൽ ചെയ്ത കവറിൽ സമര്‍പ്പിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കോടതി നിര്‍ദ്ദേശം നൽകിയിരുന്നു.

ഒരു തെളിവും ഇല്ലാതെയാണ് എൻഫോഴ്സ്മെന്‍റ് അറസ്റ്റിന് ഒരുങ്ങുന്നതെന്നാണ് ചിദംബരത്തിന്‍റെ അഭിഭാഷകൻ കപിൽ സിബലിന്‍റെ വാദം. ചിദംബരത്തെ കുറ്റക്കാരനാക്കുക മാത്രമാണ് എൻഫോഴ്സ്മെന്‍റെ ലക്ഷ്യമെന്നാണ് ആരോപണം . എല്ലാ തെളിവും ഹാജരാക്കി അന്വേഷണം നടത്താനാകില്ലെന്നായിരുന്നു എൻഫോഴ്സ്മെന്‍റിന് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത നൽകിയ മറുപടി.

You might also like

-