അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം :കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്ന് കെഎസ്ആര്‍ടിസി.

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നിലവില്‍ കെഎസ്ആര്‍ടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്.

0

കൊച്ചി: അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരത്തെ നേരിടാന്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്ന് കെഎസ്ആര്‍ടിസി. യാത്രക്കാരുണ്ടെങ്കില്‍ ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. അതേസമയം, സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നിലവില്‍ കെഎസ്ആര്‍ടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് 49 ഷെഡ്യൂളുകൾ ആണ് മുമ്പ് ഉണ്ടായിരുന്നത്. ഇതിന് പുറമെ എറണാകുളം, കോഴിക്കോട് ഡിപ്പോകളിൽ നിന്ന് മൂന്ന് സർവ്വീസുകൾ വീതവും കണ്ണൂർ,തലശേരി,തൃശൂർ,കോട്ടയം ഡിപ്പോകളിൽ നിന്ന് 2 സർവ്വീസുകൾ വീതവും ഇപ്പോള്‍ ദിവസേന നടത്തുന്നുണ്ട്.

മൂന്നു ദിവസമായി തുടരുന്ന സമരത്തില്‍ 400 സ്വകാര്യ ബസുകൾ ആണ് പങ്കെടുക്കുന്നത്. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്’ പരിശോധനയുടെ പേരില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിന്ന് ഗതാഗതവകുപ്പ് അന്യായമായി പിഴ ഈടാക്കുന്നെന്ന് ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവയ്ക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍, പരിശോധന അവസാനിപ്പിക്കാനാവില്ലെന്നും യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം അത് നടത്താമെന്നും ഗതാഗതമന്ത്രി നിലപാടെടുത്തു. ഇത് ബസ് ഉടമകള്‍ അംഗീകരിക്കാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയും ബസ് ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടത്.

You might also like

-