അന്താരാഷ്ട്രസമ്മര്‍ദ്ദം ; ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്തെന്ന് പാക് സര്‍ക്കാര്‍
ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം നിയന്ത്രണത്തിലാക്കിയതായി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞ് ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിന് തൊട്ടു പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി
ഇസ്ലാമബാദ് :ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധവും അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദവും ശക്തമാകുന്നതിനിടെ കര്‍ശന നടപടിയുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ഭീകരവാദി സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പാക് സര്‍ക്കാര്‍ പിടിച്ചെടുത്തതായാണ് വിവരം. ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം നിയന്ത്രണത്തിലാക്കിയതായി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞ് ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിന് തൊട്ടു പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുക്കാനുള്ള തീരുമാനമെടുത്തതെന്നാണ് സൂചന. ആസ്ഥാനത്തിന്റെ നിയന്ത്രണം ഇപ്പോള്‍ പാക് പഞ്ചാബ് അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാണെന്നുമാണ് പാക് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ വരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നടപടി. സര്‍വ്വമേഖലകളിലും ഇന്ത്യ പാക്കിസ്ഥാനെ ബഹിഷ്‌ക്കരിക്കാനുള്ള നീക്കങ്ങള്‍ നടത്തിവരുകയാണ്.
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതി നേരത്തെ രംഗത്തെത്തിയിരുന്നു. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞാണ് അപലപിച്ചത്. ജെയ്‌ഷെ മുഹമ്മദിന്റെ പേര് പരാമര്‍ശിക്കരുതെന്ന ചൈനയുടെ ആവശ്യത്തെ നിരസിച്ചുകൊണ്ടാണ് രക്ഷാസമിതിയുടെ നടപടി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്ലാ രാജ്യങ്ങളും ഇന്ത്യയെ സഹായിക്കണമെന്നും സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മസ്ദൂദ് അസറിനെ നിരോധിക്കുന്നതിനെ എതിര്‍ത്ത ചൈന പ്രമേയത്തെ പിന്തുണച്ചത് ശ്രദ്ധേയമായി. കടുത്ത ഭാഷയിലാണ് 15 അംഗ സുരക്ഷാ സമിതി പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചത്. ആക്രമണം ഹീനമെന്നും ഭീരുത്വമെന്നും സമിതി വിമര്‍ശിച്ചു.
ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും എല്ലാ രാജ്യങ്ങളും ഇന്ത്യയെ സഹായിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും ഐക്യരാഷ്ട്ര രക്ഷാ സമിതി പാസ്സാക്കിയിരുന്നു. ഇന്ത്യയുടെ അര്‍ധസൈനിക വിഭാഗത്തിലെ 40 ഓളം പേര്‍ കൊല്ലപ്പെട്ട് ഭീകരാക്രമണമെന്നാണ് പുല്‍വാമ ആക്രമണത്തെ സുരക്ഷാ സമിതി വിശേഷിപ്പിച്ചത്.ഫ്രാന്‍സാണ് പ്രമേയവതരിപ്പിക്കാന്‍ മുന്‍കൈ എടുത്തത്.ആക്രമണത്തിന് ആസൂത്രണം നല്‍കിയവരേയും സാമ്പത്തിക സഹായം നല്‍കിയവരെയും കണ്ടെത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.