സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ഉണ്ടെന്ന സൂചന. തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
കൊച്ചിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊല്ലൂരിലെത്തി . അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലെല്ലാം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്
കൊല്ലൂർ: കളമശേരിയിലെ പതിമൂന്നു വയസുകാരി വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്ന പിതാവ് സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഊര്‍ജിതമായ തെരച്ചില്‍. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊല്ലൂരിലെത്തി . അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലെല്ലാം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.വിഷുവിനോടടുത്ത ദിവസങ്ങളില്‍ കൊല്ലൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ ഇയാള്‍ തങ്ങിയിരുന്നതിന്റെ തെളിവുകളാണ് പോലീസിന് ലഭിച്ചത്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പാണ് നല്‍കിയിരുന്നത്. പുറത്തിറങ്ങുമ്പോള്‍ മുഴുവന്‍ സമയവും മാസ്ക് ധരിച്ച് നടന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഏപ്രില്‍ 10 മുതല്‍ 16 വരെ ആറ് ദിവസമാണ് ഇയാള്‍ ലോഡ്ജില്‍ താമസിച്ചത്. വെള്ളിയാഴ്ച രാവിലെ റിസപ്ഷനിലെത്തി ഉച്ചയ്ക്ക് മംഗളൂരു വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി ഏര്‍പ്പാട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആറു ദിവസത്തെ ബില്‍ തുക കാര്‍ഡ് പെയ്മെന്റ് മുഖേന നല്‍കാമെന്നും അറിയിച്ച ശേഷം പുറത്തുപോയി.
ഉച്ചയ്ക്ക് ടാക്സി എത്തിയിട്ടും ഇയാളെ കാണാതായതോടെയാണ് ലോഡ്ജ് അധികൃതര്‍ക്ക് സംശയമുണ്ടായത്. പിന്നീട് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഇയാളുടെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് സാധനസാമഗ്രികളൊന്നും ഇല്ലെന്ന് കണ്ടെത്തിയത്. ഇതോടെ ഇയാള്‍ വാടക നല്‍കാതെ മുങ്ങിയതാണെന്ന് ഉറപ്പിച്ചു.തുടര്‍ന്ന് ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് ഇയാളുടെ അഡ്രസ് പ്രൂഫിലെ മേല്‍വിലാസം നാട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇയാള്‍ കളമശേരി പോലീസ് അന്വേഷിക്കുന്ന സനു മോഹനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ കൊച്ചി സിറ്റി പോലീസില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ താമസിച്ചത് സനു തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കര്‍ണാടകയിലും കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തിയ ആളെന്ന നിലയില്‍ ഇയാൾക്ക് കൊല്ലൂരില്‍ നിന്നും അധികദൂരം പരിശോധനയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് പോലീസിന്റെ നിഗമനം.
ഇയാള്‍ തൊട്ടടുത്തുള്ള കുടജാദ്രിയിലെ വനാന്തരങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്. അന്തര്‍സംസ്ഥാന ബന്ധങ്ങളും ഭാഷാപരിചയവുമുള്ള ഇയാള്‍ക്ക് ഇവിടെ ഒളിച്ചുതാമസിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാവില്ല.എന്നാല്‍ ഈ മേഖലയില്‍ മിക്കയിടങ്ങളിലുമുള്ള മലയാളി സാന്നിധ്യം ഉപയോഗപ്പെടുത്തി ഇയാളെ കണ്ടുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി ഇയാളുടെ ചിത്രങ്ങള്‍ പതിച്ച ലുക്കൗട്ട് നോട്ടീസ് നാലു ഭാഷകളിലായി സമീപപ്രദേശങ്ങളിലെല്ലാം പതിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.