കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി:’ലാന്‍സെറ്റ്
കോവിഡ് മഹാമാരി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ട്വിറ്ററില്‍നിന്ന് വിമര്‍ശനങ്ങള്‍ നീക്കംചെയ്യിപ്പിക്കുന്നതിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് 'ലാന്‍സെറ്റ്' മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി
ലണ്ടന്‍ : രാജ്യത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’. കോവിഡ് മഹാമാരി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ട്വിറ്ററില്‍നിന്ന് വിമര്‍ശനങ്ങള്‍ നീക്കംചെയ്യിപ്പിക്കുന്നതിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് ‘ലാന്‍സെറ്റ്’ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. തുറന്ന സംവാദങ്ങളും വിമര്‍ശനങ്ങളും അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.
രണ്ടാംതരംഗത്തിന്റെ അപകടത്തെക്കുറിച്ചും പുതിയ വൈറസ് വകഭേദങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ആവര്‍ത്തിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കോവിഡിനെ തോല്‍പ്പിച്ചു എന്ന ധാരണയാണ് സര്‍ക്കാര്‍ പരത്തിയത്.കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് മോദി പ്രവര്‍ത്തിച്ചത്. ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കി. ലക്ഷണക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ, മത റാലികള്‍ നടത്തി.ഇത്തരത്തില്‍ മഹാമാരി നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതയും ആരോഗ്യ സംവിധാനത്തിന്റെ പരാജയവുമാണ് ദുരന്തത്തിന് കാരണം.വാക്‌സിനേഷന്‍ നയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് വാക്‌സിനേഷന്‍ പദ്ധതികളെ പ്രതിസന്ധിയിലാക്കിയെന്നും ലാന്‍സെറ്റ് ആരോപിക്കുന്നു.
ഉത്തര്‍പ്രദേശും മഹാരാഷ്ടയുംപോലുള്ള സംസ്ഥാനങ്ങള്‍ രണ്ടാംതരംഗത്തെ പ്രതിരോധിക്കാന്‍ തയ്യാറെടുത്തിരുന്നില്ല. എന്നാല്‍, കേരളവും ഒഡിഷയും പോലുള്ളവ മെച്ചപ്പെട്ട തയ്യാറെടുപ്പുകള്‍ നടത്തി. ആവശ്യത്തിന് മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാക്കി. അതിനാല്‍, രണ്ടാംതരംഗത്തില്‍ ആവശ്യത്തിന് മെഡിക്കല്‍ ഓക്സിജനില്ലാതെ കഷ്ടപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് അത് എത്തിച്ചുകൊടുക്കാന്‍ അവയ്ക്കുകഴിഞ്ഞുവെന്ന് ‘ലാന്‍സെറ്റ്’ പറയുന്നു. ഇന്ത്യയുടെ വാക്‌സിനേഷന്‍ പരിപാടിയെയും ‘ലാന്‍സെറ്റ്’ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.