പ്രവാസികൾ എത്തും വ്യാഴാഴ്ച മുതല്‍; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണം
വിമാനങ്ങള്‍, നാവിക സേന കപ്പലുകള്‍ എന്നിവയിലാണ് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക. ചിലവ് അവരവര്‍ വഹിക്കണം.
ഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ വ്യാഴാഴ്ച മുതല്‍ നാട്ടില്‍ എത്തിക്കും. മെയ് ഏഴ് മുതല്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ ആരംഭിക്കുമെന്നറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഘട്ടം ഘട്ടമായാകും പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക എന്നും ഉത്തരവില്‍ പറയുന്നു.വിമാനങ്ങള്‍, നാവിക സേന കപ്പലുകള്‍ എന്നിവയിലാണ് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക. ചിലവ് അവരവര്‍ വഹിക്കണം. ഇന്ത്യയിലേക്ക് എത്തിക്കേണ്ടവരുടെ സമ്പൂര്‍ണ്ണ പട്ടിക ഇന്ത്യന്‍ എംബസ്സികളും ഹൈക്കമ്മീഷനുകളും തയ്യാറാക്കി വരുകയാണ്. ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളെ കൊറോണ സ്‌ക്രീനിംഗിന് വിധേയമാക്കും. ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമാകും ഇന്ത്യയിലേക്ക് കൊണ്ടുവരുക എന്നും ആഭ്യന്തര മന്താലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
മാനദണ്ഡങ്ങള്‍ പാലിച്ചാകണം യാത്ര ചെയ്യേണ്ടത്. ഇന്ത്യയില്‍ എത്തുന്നവര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകണം. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. നാട്ടിലെത്തുന്ന പ്രവാസികള്‍ 14 ദിവസം ആശുപത്രിയിലോ നിരീക്ഷണ കേന്ദ്രങ്ങളിലോ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. 14 ദിവസങ്ങള്‍ക്ക് ശേഷം ഇവരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണം. തിരികെ കൊണ്ടുവരേണ്ട പ്രവാസികളുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മീഷനുകളും ചേര്‍ന്ന് തയ്യാറാക്കും.കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക.പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തയ്യാറാക്കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ വൈദ്യപരിശോധന നടത്തും.