പെട്രോളും ഡീസലും ജിഎസ്‍ടിഏർപ്പെടുത്തണം : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
മുംബൈ : രാജ്യത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍ കുതിക്കുമ്പോള്‍ ഇന്ധനങ്ങളെ ജിഎസ്‍ടിക്ക് കീഴില്‍ കൊണ്ടുവരണം എന്ന ആവശ്യവും ഉയര്‍ന്നുവരികയാണ്. പ്രതിപക്ഷവും വിവിധ പാര്‍ട്ടികളും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഒരു എണ്ണ കമ്പനി തലവനും ഇതേ ആവശ്യവുമായി രംഗത്തെത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അടിക്കടി ഉയരുന്ന ഇന്ധനവില സൃഷ്ടിക്കുന്ന ദുരിതത്തില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്‍ടിക്ക് കീഴില്‍ കൊണ്ടുവരണമെന്നാണ് ഐഒസിഎല്‍ ചെയര്‍മാന്റെ ആവശ്യം.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 19 ദിവസത്തോളം ഇന്ധനവില വര്‍ധിച്ചിരുന്നില്ല. അപ്പോഴും ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചിരുന്നു. ഇന്ധനവില കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് വില വര്‍ധനവ് പിടിച്ചുകെട്ടുന്നതിലേക്ക് എത്തിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുതിച്ചുകയറിയത് ഇതിന് ബലം പകരുന്നതായിരുന്നു. ഇപ്പോഴിതാ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നിര്‍ദേശവുമില്ലായിരുന്നുവെന്നാണ് ഐഒസിഎല്‍ ചെയര്‍മാന്‍ പറയുന്നത്. കമ്പനിയുടെ തീരുമാനമായിരുന്നു 19 ദിവസം ഇന്ധനവില നിയന്ത്രിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്‍ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ഐഒസിഎല്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടത്.