ഇന്ത്യൻ നാവികസേനയിൽ 20ൽ പരം നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ
തീരദേശം കേന്ദ്രീകരിച്ച സ്ഥാപനമായ ഐഎൻഎസ് ആംഗ്രിലാണ് കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടത്.
മുംബൈ :ഇന്ത്യൻ നാവികസേനയിൽ 20ൽ പരം നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ. ഇവരെ മുംബൈയിലെ നാവികസേനാ ആശുപത്രിയിലേക്ക് മാറ്റി.കൊറോണ വൈറസ് ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ മുംബൈ കൊളാബയിലെ ഐ.എൻ.എച്ച്.എസ്. അശ്വിനി നാവിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാവികസേന അധികൃതർ അറിയിച്ചു. തീരദേശം കേന്ദ്രീകരിച്ച സ്ഥാപനമായ ഐഎൻഎസ് ആംഗ്രിലാണ് കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം രാജ്യമെമ്പാടുമുള്ള കോവിഡ് മരണങ്ങളുടെ എണ്ണം 452 ആയി ഉയർന്നു നിൽക്കെ, കേസുകളുടെ എണ്ണം 13,835ൽ എത്തി. വെള്ളിയാഴ്ച മാത്രം പുതിയതായി 1,076 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.നിലവിൽ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 11,616 ആണ്. 1,766 പേർ സുഖം പ്രാപിച്ചു. മൊത്തം കേസുകളിൽ 76 പേർ വിദേശികളാണ്.ഇപ്പോഴും മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം മറ്റേത് സംസ്ഥാനത്തേക്കാളും ഉയരുകയാണ്. 118 പേർ കൂടി പോസിറ്റീവ് ആയതോടു കൂടി ഇവിടത്തെ മൊത്തം കേസുകളുടെ എണ്ണം 3,320 എത്തി. വെള്ളിയാഴ്ച വീണ്ടും ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്തോടു കൂടി മഹാരാഷ്ട്രയിലെ കോവിഡ് മരണങ്ങൾ 201 ആയി.