കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തി.
അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കുല്‍ഭൂഷണുമായി ഇന്ത്യക്ക് നയതന്ത്ര കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങിയത്.
പാകിസ്താനില്‍ ചാരവൃത്തി കുറ്റം ചുമത്തി ജയിലിലടച്ച കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കുല്‍ഭൂഷണുമായി ഇന്ത്യക്ക് നയതന്ത്ര കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങിയത്. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഗൗരവ് ആലുവാലിയ 2 മണിക്കൂര്‍ 25 മിനിറ്റ് കുല്‍ഭൂഷണുമായി സംസാരിച്ചു.
ഇന്ത്യയുടെ നാവികസേന ഉദ്യോഗസ്ഥനും റോയുടെ ചാരനുമാണെന്ന് ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ 20016ല്‍ തടവിലാക്കിയത്. പിന്നീട് സൈനിക കോടതിയില്‍ നടത്തിയ ഏകപക്ഷീയമായ വിചാരണക്കൊടുവില്‍ ജാദവിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും കുല്‍ഭൂഷന്റെ കാര്യത്തില്‍ വിയന്ന ഉടമ്പടി പ്രകാരമുള്ള നയതന്ത്ര മര്യാദകള്‍ പാലിക്കാനും അന്താരാഷ്ട്ര കോടതി പാകിസ്താനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ആഗസ്ത് 1ന് ജാദവുമായി കൂടിക്കാഴ്ച അനുവദിച്ചുവെങ്കിലും പാകിസ്താന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമായിരുന്നു അനുമതി. ഇത് ഇന്ത്യ നിരാകരിച്ചു. ഇസ്‌ലാമാബാദിനു സമീപമുള്ള സബ്ജയിലില്‍ കണ്ണാടി മറക്കു പുറകിലാണ് ഇത്തവണ കൂടിക്കാഴ്ച നടന്നത്.
ഇന്ത്യയുടെ ഇസ്‌ലാമാബാദ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് ആലുവാലിയയുമായി നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ രഹസ്യ ഉപകരണങ്ങളുടെ സഹായത്തോടെ പാകിസ്താന്‍ ചോര്‍ത്തിയോ എന്നത് വ്യക്തമല്ല. ഇതാദ്യമായി കേസില്‍ കുല്‍ഭൂഷണ് പറയാനുള്ളത് ഇന്ത്യക്ക് കേള്‍ക്കാനായതോടെ മൂന്ന് വര്‍ഷമായി പാകിസ്താന്‍ നടത്തികൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരുമെന്നാണ് പ്രതീക്ഷ. കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കാനുളള ഉത്തരവിനൊപ്പം നീതിയുക്തമായ പുതിയ വിചാരണയും പാകിസ്താനില്‍ ആരംഭിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച നടപടിക്രമങ്ങളും ആലുവാലിയ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്.