ലഡാക്കിൽ ഇന്ത്യയുടെ സംയുക്ത സേനാഭ്യാസം
കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്
ഇന്ത്യ ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ ഇന്ത്യ സംയുക്ത സേനാഭ്യാസം നടത്തി. . അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതലിന്റെ ഭാഗമായുള്ള സേനാഭ്യാസം. ചൈനീസ് യുദ്ധവിമാനങ്ങളും അതിർത്തിയോടു ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ട്. കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലഡാക്ക് സന്ദർശിച്ച നരവനെ, അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.
അതേസമയം സംഘർഷം ലഘൂകരിക്കുമെന്ന് അവകാശപ്പെടുന്നതിനിടെ അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു പിന്നാലെയാണ് ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന രംഗത്തെത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച് 10,000 ത്തിനു മുകളിലാണ് മേഖലയിലെ സൈനികരുടെ എണ്ണം. നൂറു കണക്കിന് ട്രക്കുകളും സൈനിക വാഹനങ്ങളും ഇവരോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഒരു ഭാഗത്ത് കുറ്റപ്പെടുത്തുകയും ഇന്ത്യൻ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയുമാണ് നിലവിൽ ചൈന ചെയ്യുന്നത്.
അന്താരാഷ്ട്ര കരാറുകൾ ഇന്ത്യയാണ് ലംഘിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനുള്ള മറുപടി എന്നോണം പുറത്തിറക്കിയ ഒടുവിലത്തെ വാർത്താ കുറിപ്പിൽ ചൈന ആരോപിച്ചു