സിക്ക് വംശജന്‍ കലിഫോര്‍ണിയായില്‍ വെടിയേറ്റ് മരിച്ചു
കവര്‍ച്ച ശ്രമത്തിനിടെ മോഷ്ടാവ് ഗൂര്‍ പ്രീത് സിങ്ങിന് നേരെ നിറയൊഴിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഡൗണി (കാലിഫോര്‍ണിയ): ഇന്ത്യന്‍–അമേരിക്കന്‍ സിക്ക് വംശജന്‍ ഗൂര്‍ പ്രീത് സിങ് (44) കഴിഞ്ഞ ദിവസം ഡൗണി പാരമൗണ്ട് ബിലവഡിലുള്ള മദ്യ ശാലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സ്റ്റോറില്‍ ഒറ്റയ്ക്ക് ജോലി ചെയ്തിരുന്ന സിങ്ങിന് വെടിയേറ്റത്. സംഭവം നടന്ന അതേ സമയം ലിക്വര്‍ സ്റ്റോറില്‍ നിന്നും ഒരാള്‍ പുറത്തേക്ക് ഓടിപോകുന്നതായി സമീപത്തുള്ള ക്യാമറയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൗണ്ടറിന് പുറകിലാണ് വെടിയേറ്റ് കിടന്നിരുന്നത്. കവര്‍ച്ച ശ്രമത്തിനിടെ മോഷ്ടാവ് ഗൂര്‍ പ്രീത് സിങ്ങിന് നേരെ നിറയൊഴിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഡൗണി പൊലീസിനേയോ ക്രൈം സ്റ്റോപ്പേഴ്‌സിനേയോ 562 904 2330, 800 222 8477 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡൗണി പോലീസ് ഡിറ്റക്ടീവ് റിച്ചാര്‍ഡ് ഗാര്‍സിയ അഭ്യര്‍ഥിച്ചു.
2015 നുശേഷം അമേരിക്കയില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റോര്‍ ക്ലാര്‍ക്കുമാരില്‍ പത്താമത്തെയാളാണ് രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ ഗുര്‍ പ്രീത് സിങ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സൗത്ത് കാരലൈനയില്‍ നാലു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഫെബ്രുവരിയില്‍ കണ്‍വീനിയന്റ് സ്റ്റോര്‍ ഉടമ ഗോവര്‍ദന്‍ കോത്തയും കൊല്ലപ്പെട്ടു.
ഗൂര്‍പ്രീത് സിങ്ങിന്റെ കൊലപാതകം സിറിറ്റോസ് നിവാസികളെ ഞെട്ടിച്ചു. ഇവിടെ കുടുംബ സമേതം ജീവിക്കുന്ന ഇദ്ദേഹത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് എല്ലാവര്‍ക്കും.