ആമസോണ്‍ സ്ഥാപകന്‍ ജെഫിന്റെ പ്രസംഗം തടസപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റ് അറസ്റ്റില്‍
കാലിഫോര്‍ണിയ ഫാമുകളില്‍ കോഴികളോടു കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രിയ സ്റ്റേജിലേക്ക് ഓടികയറിയത്.
നവേഡ(ലാസ് വേഗസ്): ആമസോണ്‍ സി.ഇ.ഓ.യും സ്ഥാപകനുമായ ജെഫ് ബസോസ് പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജില്‍ ഓടികയറി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ അമേരിക്കന്‍ ആനിമല്‍ ആക്ടിവിസ്റ്റ് പ്രിയ സോഹ്നിയെ അറസ്റ്റു ചെയ്തു. ജൂണ്‍ ആറിന് ബസോസ് പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം.
കാലിഫോര്‍ണിയ ഫാമുകളില്‍ കോഴികളോടു കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രിയ സ്റ്റേജിലേക്ക് ഓടികയറിയത്. ആമസോണ്‍ നേരിട്ടല്ലെങ്കിലും, മറ്റു ഫാമുകളില്‍ നിന്നും കോഴികളെ വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഡയറക്ട് ആക്ഷന്‍ എവരിവേര്‍ (Direct Action Every Where) നടത്തിയത്.
സ്റ്റേജിലേക്ക് പ്രവേശിച്ച ഉടനെ ഇവരെ തടഞ്ഞു നിര്‍ത്തിയെങ്കിലും ആമസോണ്‍ സ്ഥാപകനോടു വളരെ മര്യാദയായിട്ടാണ് പ്രിയ സംസാരിച്ചത് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതിനു മുമ്പും സംഘടന പലവിധത്തിലും ഇതിനെതിരെ പ്രതികരിച്ചിരുന്നുവെങ്കിലും ആമസോണ്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
കുറ്റകൃത്യം ചെയ്യണമെന്ന തീരുമാനത്തോടെ അകത്തു പ്രവേശിച്ചു എന്നാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇവരെ പിന്നീടു ജഡ്ജിയുടെ മുമ്പില്‍ ഹാജരാക്കും.