പാരസെറ്റമോളും ഹൈഡ്രോക്‌സി ക്ലോറോക്വിനും ‘രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കു’ നല്‍കുമെന്ന് ഇന്ത്യ
കൊവിഡ് പ്രതിരോധത്തിനുള്ള മരുന്ന് 'രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കു' നല്‍കുമെന്ന് ഇന്ത്യ.
കൊവിഡ് പ്രതിരോധത്തിനുള്ള മരുന്ന് ‘രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കു’ നല്‍കുമെന്ന് ഇന്ത്യ. മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കു മുന്നിറിയിപ്പ് നല്‍കിയതിനു പിന്നാലെയാണു നിലപാട് അറിയിച്ച് ഇന്ത്യ രംഗത്തെത്തിയത്. മലേറിയ ഭേദമാക്കാനുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആണ് കൊവിഡ് പ്രതിരോധത്തിന് നിലവില്‍ പല രാജ്യങ്ങളും ഉപയോഗിക്കുന്നത്.
‘മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാനുഷികതലം പരിഗണിച്ച്, പാരസെറ്റമോളും ഹൈഡ്രോക്‌സി ക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കു മതിയായ അളവില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവശ്യ മരുന്നുകളായ ഇവ കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കും നല്‍കും. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവല്‍ക്കരണത്തെയും ഗൂഢസിദ്ധാന്തം ചമയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല,’ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ആഭ്യന്തര ഉപയോഗം കഴിഞ്ഞശേഷം മിച്ചമുള്ള മരുന്ന് കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം അവസാനത്തോടെയാണ് ഇന്ത്യ മരുന്ന് കയറ്റുമതി നിരോധിച്ചത്.
മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസിലെ ദിവസവുമുള്ള ബ്രീഫിങ്ങിലാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 14 ഇനം ഔഷധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി പിന്‍വലിച്ചു. ഡിജിഎഫ്ടി ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.