നേരിയ ആശ്വാസം 24 മണിക്കൂറിനിടെ 1,86,364 കോവിഡ്,നാൽപ്പത്തിനാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
നാൽപ്പത്തിനാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു.
ഡൽഹി: രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,86,364 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാൽപ്പത്തിനാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു. ഇതിൽ 2,48,93,410 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 23,43,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്.മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കണക്കുകളിൽ ഏറ്റവും മുന്നിൽ ഒരുലക്ഷത്തിലധികം സജീവ കേസുകളും ഈ സംസ്ഥാനത്തുണ്ട്. ആദ്യഘട്ടത്തിൽ നിന്നും വ്യത്യാസമായി കോവിഡ് രണ്ടാം വ്യാപനം ഇന്ത്യയുടെ വടക്കു കിഴക്കു സംസ്ഥാനങ്ങളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്
രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാതെ നില്‍ക്കുന്നത് ആശങ്ക നല്‍കുന്നുണ്ട്. ഒറ്റദിവസത്തിനിടെ 3660 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,18,895 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലിരിക്കുന്ന രാജ്യത്ത് കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,70,508 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 33,90,39,861 പരിശോധനകളാണ് നടന്നിട്ടുള്ളത്.