ഇടമലയാര്‍ ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; രണ്ടു ഷട്ടറുകള്‍ തുറന്നു
. 265 ക്യുമെക്‌സ് ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 200ക്യുമെക്‌സ് ആണ് പുറത്തേക്ക് ഒഴുക്കുന്നത്
കോതമംഗലം : മഴ ശക്തിപ്രാപിച്ചതോടെ നീരൊഴുക്ക് കൂടിയതോടെ വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വീണ്ടും തുറന്നു.ഡാമിന്റെ സംഭരണ ശേഷിയായ 169നോട് അടുത്തതോടെ ഡാമിന്റെ രണ്ടു ഷട്ടര്‍ കൂടി തുറന്നത്. 168.98 ആണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ നേരത്തെ ഒരു ഷട്ടര്‍ തുറന്നിരുന്നു. 265 ക്യുമെക്‌സ് ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 200ക്യുമെക്‌സ് ആണ് പുറത്തേക്ക് ഒഴുക്കുന്നത്.വ്യാഴാഴ്ച ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വീതവും ഒരു ഷട്ടര്‍ ഒരു മീറ്ററും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇടുക്കി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്ന സാഹചര്യത്തില്‍ പെരിയാറിലേക്ക് രണ്ട് ഡാമുകളില്‍നിന്നും ഒരുമിച്ചെത്തുന്ന വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി വകുപ്പ് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒരുമീറ്റര്‍ വീതം താഴ്‌ത്തേണ്ടതായി വന്നു. ഇടമലയാറിന്റെ ഷട്ടറുകള്‍ തുറന്നതോടെ ആലുവ തീരത്തുതാമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.