രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് കോവിഡ് 2,767 മരണം
ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ക്കു വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു അരവിന്ദ് കെജ്രിവാള്‍.
ഡല്‍ഹി: രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. കോവിഡ് കേസുകളുടെ അഭൂതപൂര്‍വ്വമായ കുതിച്ചു ചാട്ടത്തില്‍ ഡല്‍ഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ താറുമാറായി കിടക്കുന്ന സ്ഥിതിയില്‍ ലോക്ഡൗണ്‍ നീട്ടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഉത്തരവിറക്കിയേക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
‘ഞങ്ങള്‍ ഇപ്പോള്‍ ഒരു ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ നമ്മള്‍ ഒരു വലിയ വിപത്തിനെ അഭിമുഖീകരിച്ചേക്കാം. സര്‍ക്കാര്‍ നിങ്ങളെ പൂര്‍ണമായി പരിപാലിക്കും. സാഹചര്യം കണക്കിലെടുത്ത് ഞങ്ങള്‍ ഈ കടുത്ത തീരുമാനമെടുത്തു’ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് കെജ്‌രിവാള്‍ പറയുകയുണ്ടായി.ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ക്കു വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു അരവിന്ദ് കെജ്രിവാള്‍.
മെഡിക്കല്‍ ഓക്‌സിജന്‍ അധികമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത തരത്തിലുള്ള കോവിഡ് പ്രതിസന്ധിയാണുള്ളതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.ഓക്‌സിജന്‍ പ്ലാന്റുകളുടെ ചുമതല സൈന്യം ഏറ്റെടുക്കണമെന്നും വിതരണം തടസ്സപ്പെടാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ കെജ്രിവാള്‍ അഭ്യര്‍ഥിച്ചിരുന്നു.അടിയന്തരമായി ഓക്‌സിജന്‍ ആവശ്യപ്പെട്ട് ശനിയാഴ്ചയും വിവിധ ആശുപത്രികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒരാഴ്ചയ്ക്കിടെ 1.77 ലക്ഷത്തിലേറെ രോഗികളും 1500-ലേറെ മരണവും രാജ്യതലസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിദിനമരണം തുടര്‍ച്ചയായി 300 കടന്നു.