പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു, ഭീകരർ വനത്തിനുള്ളിലെ ബംഗറിൽ ഉണ്ടെന്നു സൂചന

പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി നിരോധനം ബാധകമാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോഘനം തുടരുമെന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു

ഡൽഹി |പഹൽഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും കര്‍ശന നടപടിയുമായി ഇന്ത്യ. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്നാണ് സര്‍ക്കാര്‍ അറിയിച്ചതായി ദേശിയ മാധ്യമങ്ങൾ . പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി നിരോധനം ബാധകമാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോഘനം തുടരുമെന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 2023 ലെ വിദേശ വ്യാപാര നയം ഭേദഗതി ചെയ്തുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് എതിരെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളി‍ല്‍ ഒന്നുമാത്രമാണിത്. നേരത്തെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിർത്തി ഇതിനകം ഇന്ത്യ അടച്ചിരുന്നു. 1960 ൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച നിർണായക സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കുകയുണ്ടായി.ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണം നടപ്പിലാക്കിയതെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (DGFT) പറഞ്ഞു

അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. തെക്കൻ കാശ്മീരിലെ വനമേഖലയിൽ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോൺ പരിശോധന രാത്രിയിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബംഗറിൽ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്. പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി പതിനൊന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചിൽ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാൻ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളിൽ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. വനമേഖലയോട് ചേർന്ന് ഗുജ്ജറുകള്‍ വേനൽക്കാലത്ത് ഉപയോഗിക്കുന്ന മൺവീടുകളിലും സൈന്യം പരിശോധന പരിശോധന നടത്തി. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. ശ്രീനഗറിൽ അടക്കം കനത്ത ജാഗ്രത തുടരുകയാണ്. ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സഞ്ചാരികളുടെ വരവിൽ കാര്യമായ കുറവുണ്ട്. 95 ശതമാനം വിനോദ സഞ്ചാരികളും കശ്മീർ യാത്ര റദ്ദാക്കിയതോടെ മേഖലയിലെ കച്ചവടക്കാരുടെ വരുമാനം നിലച്ചിരിക്കുകയാണ്. സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ പദ്ധതി ആവിഷ്‌കരിക്കണം എന്ന് വ്യാപാരികൾ പറയുന്നു. ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നീക്കണം എന്നും അവർ ആവശ്യപ്പെടുന്നു. ദിവസവും 15,000 സഞ്ചാരികൾ എത്തുന്ന കശ്മീരിലെ ഗുൽ മാർഗും വിജനമാണ്. നൂറ് സഞ്ചാരികൾ പോലും വരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാ പരിശോധന ഗുൽ മാർഗിലും കർശനമാക്കി.

You might also like

-