“തിയതിയും സമയവും കുറിച്ചോളു സംവാദത്തിന് തയ്യാർ” കെ രാജൻറെ “പരസ്യ സംവാദത്തിനുള്ള ” വെല്ലുവിളി ഏറ്റെടുത്ത് സ്വതന്ത്ര കർഷക സംഘടനകൾ

ഭൂപതിവ് നിയമത്തിലെ ഭരണ ഘടന വിരുദ്ധതയും ക്രമക്കേടും ചൂണ്ടിക്കാട്ടി പ്രക്ഷോപത്തിൽ ഏർപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ സ്വതന്ത്ര കർഷക സംഘടനകളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ വില്ലുവിളി ഏറ്റെടുത്ത കർഷക സംഘടനകൾ

0

തൊടുപുഴ |ഭൂപതിവ് നിയമത്തിലെ ഭരണ ഘടന വിരുദ്ധതയും ക്രമക്കേടും ചൂണ്ടിക്കാട്ടി പ്രക്ഷോപത്തിൽ ഏർപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ സ്വതന്ത്ര കർഷക സംഘടനകളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ വില്ലുവിളി ഏറ്റെടുത്ത കർഷക സംഘടനകൾ . ഈ മാസം 23 ന്തിരുവനന്തപുരത്ത് നടക്കുന്ന കർഷക ഉച്ചകോടിയിൽ പരസ്യ സംവാദത്തിന് തയ്യാറാണെന്നും കർഷക സംഘടനാ നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . 23 ന് മന്ത്രിക്ക് അസൗകര്യമെങ്കിൽ മന്ത്രിക്ക് സൗകര്യ പ്രദമായ സമയവും തിയതിയും അറിയിച്ചാൽ സംവാദത്തിന് തയ്യാറണെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു . മാങ്കുളത്ത് ഇടതു സ്ഥാനാർത്ഥിയുടെ തെരെഞ്ഞെടുപ്പ് യോഗത്തിലാണ് കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ രാജൻ കർഷക സംഘടനകളെ വെല്ലുവിളിച്ചത് .

1960 ലെ ഭൂപതിവ് നിയമത്തിനും വ്യത്യസ്തമായ ഭൂപതിവ് ചട്ടങ്ങള്‍ക്കും വിധേയമായി ഇടുക്കിയിലേതടക്കം കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് കാലാകാലങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ നിയമാനുസൃതം നല്‍കിയ ഭൂമിയെ സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ വിവിധങ്ങളായ ഭൂപതിവു ചട്ടങ്ങളില്‍ നിലവിലെ ഭൂപതിവ് നിയമത്തിന്‍ കീഴില്‍ തന്നെ റവന്യു സെക്രട്ടറിക്ക് തന്നെ ഒറ്റ ദിവസംകൊണ്ട് ഭേദഗതി വരുത്താമെന്നും വിവിധ ഹൈക്കോടതി വിധികളും നിയമോപദേശവും ഉണ്ടായിട്ടും ജനങ്ങളെ കൊള്ളയടിക്കാനായി കൊണ്ടുവന്ന ഭൂപതിവ് നിയമഭേദഗതി 2023-നെ സംബന്ധിച്ച് പരസ്യമായ സംവാദത്തിന് തയ്യാറാണെന്ന റവന്യുമന്ത്രി കെ. രാജന്റെ വെല്ലുവിളി കേരളത്തിലെ രാഷ്ട്രീയേതര മതേതര കര്‍ഷക സംഘടനകള്‍ ഏറ്റെടുക്കുന്നു.

വാർത്ത സമ്മേളനത്തിന്റെ പൂർണ്ണ രൂപം

“23.04.2024 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ രാവിലെ 9 മുതല്‍ 2 മണി വരെ നടക്കുന്ന നാലാമത്തെയും അവസാനത്തേതുമായ കര്‍ഷക ഉച്ചകോടിയിലേക്ക് ഇക്കാര്യത്തില്‍ പരസ്യ സംവാദത്തിനായി റവന്യു മന്ത്രിയെ ക്ഷണിക്കു. ഇത് സംബന്ധിച്ച ഈ-മെയില്‍ 18.04.2024 ന് തന്നെ റവന്യുമന്ത്രിക്കും സി.പി.ഐ. സംസ്ഥാന സെക്രട്ടറിക്കും പാര്‍ട്ടി എം.എല്‍.എമാര്‍ക്കും അയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും 23.04.2024 ന് തിരുവനന്തപുരത്ത് പരസ്യ സംവാദത്തിന് സൗകര്യമില്ലെങ്കില്‍ ഏത് സമയത്തും ഏത് സ്ഥലത്തും കര്‍ഷക നേതാക്കള്‍ എത്താന്‍ തയ്യാറാണെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
178 മിനിട്ട് കൊണ്ട് വായിച്ചു തീര്‍ക്കാവുന്ന 83 പേജുള്ള വിദഗ്ധ റിപ്പോര്‍ട്ട് മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും അയച്ചുകൊടുത്തിട്ടുണ്ട്. 2017 മുതല്‍ 2022 വരെ ഭൂപതിവ് നിയമത്തില്‍ ഭൂമി ലഭിച്ച കര്‍ഷകരുടെ ഭൂമിമേലുള്ള നിയമ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചട്ടഭേദഗതി മതിയെന്നായിരുന്നു നേതാക്കളുടെ നിലപാട്. 21.03.2021 ല്‍ ഇടുക്കിയിലെ രാഷ്ട്രീയ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചട്ടഭേദഗതി മതി എന്ന പൊതുനിലപാടെടുത്തിരുന്നു. ചട്ടഭേദഗതി ഒരു ദിവസം കൊണ്ട് റവന്യു സെക്രട്ടറിക്ക് ചെയ്യാവുന്ന ഒരു ലളിത പ്രക്രിയയായിരുന്നു. ഇതാണ് ലക്ഷക്കണക്കിന് കര്‍ഷകരില്‍ നിന്നും അന്യായമായി പണം ഈടാക്കാനുള്ള പദ്ധതിയാക്കാന്‍ നിയമവിരുദ്ധമായി ഭൂപതിവ് നിയമഭേദഗതി തന്നെ വേണമെന്ന ജനവിരുദ്ധ നിലപാടിലേക്ക് ഇടതുസര്‍ക്കാര്‍ നീങ്ങിയത്.
1701 മുതല്‍ നാളിതുവരെ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവര്‍ക്കും അല്ലെങ്കില്‍ അക്കാലങ്ങളിലെ ഭരണകൂടങ്ങളില്‍ സ്വാധീനമുള്ളവര്‍ക്കുമായിരുന്നു സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയിരുന്നത്. 1701 ന് ശേഷം നടന്ന നിരവധിയായ വിളംബരങ്ങളില്‍കൂടി ഇങ്ങനെ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയവര്‍ തന്നെ 1960 ന് ശേഷമുള്ള ഭൂമി പതിച്ചു നല്‍കലിനെ കോടതികളില്‍ ചോദ്യം ചെയ്യുന്നത് നീതിയല്ല. കോടതികളിലെ ഇത്തരം വ്യവഹാരങ്ങളിലെ കക്ഷികളൊക്കെത്തന്നെ ഇപ്പോള്‍ അവര്‍ സ്വന്തമാക്കി വച്ചിരിക്കുന്ന ഭൂമി 1701 മുതലിങ്ങോട്ടുള്ള ഏതെങ്കിലും കയ്യേറ്റ ഭൂമി സര്‍ക്കാര്‍ ദാനമായി നല്‍കിയ വിളംബരങ്ങളിലൂടെ ലഭിച്ചതാണെന്ന സത്യം ജനങ്ങളോട് തുറന്നുപറയണം.
2012 ല്‍ ഭേദഗതി ചെയ്ത കേരള ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിലും ഭൂപതിവ് നിയമത്തിന്റെ പതിച്ചുനല്‍കുന്ന ഭൂമി ഉപയോഗിക്കുന്നതിന് യാതൊരു നിബന്ധനകളും നിര്‍ദ്ദേശിക്കാത്തതിനാലും നിലവില്‍ കേരളത്തിലുള്ള 13 സ്വതന്ത്ര ഭൂപതിവ് ചട്ടങ്ങളില്‍ കേവലം 6 എണ്ണത്തില്‍ മാത്രം പതിച്ചു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന ചട്ടഭേദഗതി ചെയ്താല്‍ തീരുന്ന ലളിതമായ പ്രശ്‌നമാണ് നിയമഭേദഗതിയിലൂടെ വിവാദമാക്കിയത്. നിയമഭേദഗതി ഇല്ലാതെ തന്നെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാം എന്നുതന്നെയാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 1964 ലെ കേരള സര്‍ക്കാര്‍ ഭൂപതിവ് ചട്ടത്തിലെ നാലാം ചട്ടം സ്‌പെഷ്യല്‍ റൂള്‍സ് ഫോര്‍ ദി അസൈന്‍മെന്റ് ഓഫ് ഗവണ്‍മെന്റ് ലാന്റ് ഫോര്‍ റബര്‍ കള്‍ട്ടിവേഷന്‍ 1960 ലെ 4-ാം ചട്ടം, ദി ആരബിള്‍ ഫോറസ്റ്റ് ലാന്റ് അസൈന്‍മെന്റ് ചട്ടങ്ങള്‍ 1970 ലെ 3-ാം ചട്ടം, കോ-ഓപ്പറേറ്റീവ് കോളനൈസേഷന്‍ സ്‌കീം 1971 ലെ 5-ാം ചട്ടം, കേരള ഭൂപതിവ് ചട്ടങ്ങള്‍ (1.1.1977 ന് മുമ്പ് കൈയ്യേറിയ ഭൂമികള്‍ സാധൂകരിക്കല്‍) സ്‌പെഷ്യല്‍ ചട്ടങ്ങള്‍ 1993 ലെ 3-ാം ചട്ടം, 2001-ലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള കേരള സര്‍ക്കാര്‍ ഭൂമി പതിവ് ചട്ടങ്ങളിലെ 3-ാം ചട്ടം എന്നീ ചട്ടങ്ങളിലാണ് ഭൂമി ഉപയോഗത്തെ സംബന്ധിച്ച നിയന്ത്രണങ്ങളുളളത്. ഈ ആറ് ചട്ടങ്ങളില്‍ ”മറ്റാവശ്യങ്ങള്‍ക്കുകൂടി” എന്ന് ചേര്‍ത്താല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ.

കേരളത്തിലെ ഒരു സാധാരണ ഭൂവുടമയ്ക്ക് ലഭ്യമായ ഭൂഅവകാശങ്ങള്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചിരുന്ന കര്‍ഷകരുടെ ഭൂമി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി അവരുടെ ഭൂഅവകാശങ്ങള്‍ നിഷേധിക്കുന്നതിനും ഭൂമിയെ ഒരു കച്ചവടചരക്കാക്കി പണ സമ്പാദനത്തിനായി ഉപയോഗിക്കപ്പെടുന്നു എന്നുള്ളത് ഭരണാധികാരികള്‍ മറക്കരുത്.
ലളിതമായ ചട്ടഭേദഗതി നടത്താതെ സങ്കീര്‍ണ്ണമായ നിയമഭേദഗതി നീക്കം മറ്റൊരു വഴിക്ക് വിദേശഫണ്ട് സ്വീകരിച്ച് പശ്ചിമഘട്ടത്തില്‍ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണെന്നും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. വന്യമൃഗ ആക്രമണത്തിന് മൗനാനുവാദം നല്‍കുന്ന സര്‍ക്കാര്‍ നീക്കങ്ങളും വന്യജീവി ആക്രമണത്തില്‍ മരണമടയുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കര്‍ഷക ജനതയെ 144 പ്രഖ്യാപിച്ച് നേരിടുന്നതും ജാമ്യമില്ലാ കുറ്റങ്ങള്‍ക്ക് കേസെടുക്കുന്നതും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമല്ല സംസ്ഥാന സര്‍ക്കാരാണെന്നും പശ്ചിമഘട്ടത്തില്‍ നിന്നും പരമാവധി കര്‍ഷകരെയും സാധാരണക്കാരെയും നഷ്ടപരിഹാരം നല്‍കാതെ കുടിയിറക്കുക എന്ന ഭരണപക്ഷ പരിസ്ഥിതി സംഘടനാ ഗൂഢാലോചനയാണീ നീക്കത്തിന് പിന്നില്‍.
ഇത്തരത്തില്‍ ഭൂ ഉടമകളെയും കൃഷിക്കാരെയും മാരകമായി ദ്രോഹിക്കുന്ന നിലപാടിന്റെ ഭാഗം തന്നെയാണ് നിയമവിരുദ്ധമായ ഭൂപതിവ് നിയമഭേദഗതി എന്നും കര്‍ഷകര്‍ കരുതുന്നു.

അതുകൊണ്ട് ഇക്കാര്യത്തില്‍ ഏതുതരത്തിലുള്ള സംവാദത്തിനും തയ്യാറാണെന്നും ആയതിനാലാണ് റവന്യുമന്ത്രിയെ സംവാദത്തിന് ക്ഷണിക്കുന്നതെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.
കേരള ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ 59895 ഹെക്ടര്‍ വനഭൂമിയായിരുന്നു പതിച്ചു നല്കിയത്. ഇതില്‍ പരമാവധി കെട്ടിടങ്ങള്‍ പണിതിരിക്കുന്നത് 20% താഴെ ഭൂമിയില്‍ മാത്രമാണ്. അതായത് 12000 ല്‍ താഴെ ഹെക്ടറില്‍ മാത്രം. ഇത് വലിയ അപരാധവും പരിസ്ഥിതി വിനാശകരവുമാണെന്നു പറയുന്നവര്‍ താമസിക്കുന്നത് ഇതിനേക്കാള്‍ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന നെല്‍പാടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചതുപ്പുകള്‍ എന്നിവ മണ്ണിട്ടു നികത്തിയ സ്ഥലങ്ങളിലാണ്. 1960-61 ല്‍ കേരളത്തിലുണ്ടായിരുന്ന 778913 ഹെക്ടര്‍ നെല്‍പാടങ്ങള്‍ 2022 ആയപ്പോള്‍ 193953 ഹെക്ടറായി കുറഞ്ഞു. അതായത് പശ്ചിമഘട്ടത്തിലേക്കാള്‍ പരിസ്ഥിതി പ്രശ്‌നങ്ങളുള്ള കുടിവെള്ള സ്രോതസ്സായ 584960 ഹെക്ടര്‍ പാടമാണ് കേരളത്തില്‍ നിയമവിരുദ്ധമായി മണ്ണിട്ട് നികത്തിയത്. ഇത്രയും ഭീകരമായ പരിസ്ഥിതി നശിപ്പിക്കലിനെ 12.8.2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലൂടെ 584960 ഹെക്ടര്‍ പാടം മണ്ണിട്ട് നികത്തിയതും ഒറ്റയടിക്ക് ഫൈനോ ഫീസോ ഒന്നും ഈടാക്കാതെ നിയമാനുസൃതമാക്കിയ നാടാണ് കേരളം. അതുകൊണ്ടുതന്നെ കേരള ഭൂപതിവ് ചട്ടങ്ങള്‍പ്രകാരം ലഭിച്ച ഭൂമിയില്‍ 12000 താഴെ ഹെക്ടറില്‍ നടത്തിയ 1.1.2024 വരെയുളള മുഴുവന്‍ നിര്‍മ്മാണങ്ങളും ഒറ്റയടിക്ക് ഫീസോ ഫൈനോ ഇല്ലാതെ സാധൂകരിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഒരു ജനാധിപത്യ സര്‍ക്കാരിനുണ്ട്. ഇക്കാര്യങ്ങളൊക്കെ നീതിപീഠങ്ങളും നിയമങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും സ്വയം മനസ്സിലാക്കണം. 1999 ല്‍ പട്ടയകേസില്‍ കേരള ഹൈക്കോടതിയിലെ 3 അംഗ ഫുള്‍ബെഞ്ച് ചൂണ്ടിക്കാട്ടിയത് പരിസ്ഥിതിയില്‍ ആദ്യം സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യനാണെന്നും അഭിനവ പരിസ്ഥിതി പ്രവര്‍ത്തകര്‍ മനുഷ്യരെ കന്നുകാലികളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും പരിസ്ഥിതി സ്‌നേഹം എന്ന് ആരുപറഞ്ഞാലും അതില്‍ ഒന്നാം സ്ഥാനത്ത് പരിഗണിക്കേണ്ടത് മനുഷ്യരോടുള്ള സ്‌നേഹമാണെന്നും 1999ല്‍ തന്നെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആധുനിക കേരളം ഇതൊക്കെ വീണ്ടും ചര്‍ച്ചാവിഷയമാക്കണം.
ഇന്ന് കേരളത്തില്‍ കാണുന്ന നഗരങ്ങളൊക്കെ ഒരു കാലത്ത് കൃഷി ഭൂമിയായിരുന്നു. 1701 മുതല്‍ 1960 വരെയുള്ള ഭൂമി സംബന്ധമായ നിയമങ്ങള്‍ പഠിച്ചാല്‍ ഇന്ന് ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ളവരുടെയൊക്കെ ഭൂമി ”ആദ്യം കയ്യേറ്റവും പിന്നെ സര്‍ക്കാര്‍ സൗജന്യ ദാന”വുമാണ് എന്ന് മനസ്സിലാകും. ഇന്നത്തെ ഭൂവുടമകളായ തലമുറയുടെ പത്ത് തലമുറ മുന്നെ ആ ഭൂമിയൊക്കെ സര്‍ക്കാരില്‍ നിന്നും ദാനം കിട്ടിയതാണ്. അതും കൃഷി ആവശ്യത്തിന് മാത്രമായി. അതിലാണ് നാം അംബരചുംബികളായ കെട്ടിടങ്ങള്‍, മാളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ഒക്കെ പണിതുയര്‍ത്തിയത്. നിയമപരമായ സാങ്കേതികത്വമൊന്നുമില്ലെങ്കിലും ഇവിടെയൊക്കെ ”ഭൂമി വകമാറ്റി” ഉപയോഗിച്ചിട്ടുണ്ട്. എന്തിനുവേണ്ടിയാണോ (കൃഷി ചെയ്യാന്‍) ഭൂമി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയത് അതിനല്ല പിന്നീടുള്ള തലമുറ ഭൂമി ഉപയോഗിച്ചത്.

എന്നു മാത്രമല്ല 1701 മുതല്‍ സര്‍ക്കാര്‍ (രാജാവ് അടക്കം) ഭൂമി നല്‍കിയത് കൈയ്യേറ്റ കൃഷി ചെയ്യുന്നവര്‍ക്കാണ്. ഇവരും ആധുനിക കാലഘട്ടത്തിലെ കയ്യേറ്റക്കാരുടെ (Encrochers) പട്ടികയില്‍ തന്നെപെടും. നിയമസഭയിലും നീതിന്യായ കോടതികളിലും ”സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരെ” നിഷ്‌കരുണം പുറത്താക്കണമെന്നു വാദിക്കുന്നവരുടെയും അതനുവദിക്കുന്നവരുടെയും മുന്‍തലമുറയും 1701 മുതല്‍ ഭൂമി കയ്യേറിയവരോ അവരില്‍ നിന്നും ഭൂമി സ്വന്തമാക്കിയവരോ ആണെന്ന കാര്യത്തില്‍ സംശയമില്ല. ഇതാണ് കേരളത്തിലെ ഭൂമി ഉടമസ്ഥരുടെ ചരിത്രം.ഈ ചരിത്രപശ്ചാത്തലത്തിലായിരിക്കണം ഇടുക്കിയിലേതടക്കമുളള ഭൂപതിവ് നിയമങ്ങളെയും ചട്ടങ്ങളെയും വിലയിരുത്താനും ജനോപകാരപ്രദമായ ആധുനിക കാലഘട്ടത്തിനനുയോജ്യമായ നിയമ നിര്‍മ്മാണങ്ങളുണ്ടാക്കാനും.

1790 മുതല്‍ 1805 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തന്‍ തമ്പുരാന്‍ കൊച്ചി രാജ്യത്തെ ഒരു കേന്ദ്രീകൃത ഭരണ സംവിധാനം ആക്കുന്നതിന്റെ ഭാഗമായും തന്റെ രാജകീയ അധികാരം എന്തൊക്കെയാണെന്ന് പ്രജകളെ അറിയിക്കുന്നതിനുമായി രാജ്യത്തെ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അങ്ങനെ കൊച്ചി രാജ്യത്തെ മുഴുവന്‍ ഭൂമിയും പണ്ടാരവക അല്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമിയായി. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 1812 ഓടെ കൊച്ചി രാജ്യത്തെ 50% അധികം കൃഷിഭൂമിയും സര്‍ക്കാര്‍ ഉടമസ്ഥതയിലായി എന്നാണ്. കൊച്ചിയിലെ ഭൂപ്രശ്‌നങ്ങള്‍ (ഇപ്പോള്‍ ഇടുക്കിയിലും സംസ്ഥാനത്തിന്റെ മറ്റ് മലയോര പ്രദേശങ്ങളിലും കാണുന്ന അതേ പ്രതിസന്ധി) പഠിക്കുന്നതിനായി 1909 ല്‍ ”ലാന്‍ഡ് ലോര്‍ഡ്‌സ് ടെനന്റ് കമ്മീഷന്‍” രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 1915 ല്‍ ”കൊച്ചിന്‍ ടെനന്‍സി ആക്ട്” പാസാക്കി. 1885 ന് മുമ്പ് ഭൂമി കയ്യേറിയവര്‍ക്കൊക്കെ 1915ലെ ആക്ടിലൂടെ ഭൂമി സ്വന്തമായി. പിന്നീട് 1936 ലെ വിളംബരവും 1938 ലെ കൊച്ചിന്‍ ടെനന്‍സി ആക്ടും വീണ്ടും കൈവശക്കാര്‍ക്ക്/കയ്യേറ്റക്കാര്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ അവസരം നല്‍കി.

സമാനമായിരുന്നു തിരുവിതാംകൂറിലെ സ്ഥിതിയും. 1729 ല്‍ തിരുവിതാംകൂറില്‍ അധികാരത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂറിലെ നാട്ടുരാജാക്കന്‍മാരുടെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ വകയായി ഏറ്റെടുത്തു. 1790 ല്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം തേടിയ തിരുവിതാംകൂര്‍, ടിപ്പു സുല്‍ത്താനില്‍ നിന്നും രക്ഷപെട്ടെങ്കിലും 1795 ല്‍ രാജ്യസുരക്ഷയ്ക്കായി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉടമ്പടി ഒപ്പുവച്ചു. അതിനായി നിശ്ചിത തുക വര്‍ഷാവര്‍ഷം കമ്പനിക്ക് നല്‍കാമെന്ന് തിരുവിതാംകൂര്‍ രാജാവ് സമ്മതിച്ചു. കമ്പനിക്ക് നല്‍കേണ്ട തുക തിരുവിതാംകൂര്‍ നല്‍കാത്തതിനെ തുടര്‍ന്ന് സമ്പന്നമായ 378 ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ മുഴുവന്‍ കേണല്‍ മണ്‍റോയുടെ കാലത്ത് കമ്പനി ഏറ്റെടുത്തു. 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ തിരുവിതാംകൂറിലെ 80 ശതമാനം കൃഷി ഭൂമിയും മുഴുവന്‍ വെറും ഭൂമിയും സര്‍ക്കാര്‍ ഭൂമിയായി മാറി എന്നാണ് തിരുവിതാംകൂര്‍ രേഖകള്‍ തെളിയിക്കുന്നത്. ബാക്കി 20% മാത്രമാണ് ജ•ം ഭൂമി എന്ന പേരില്‍ ചുരുക്കംചില നാട്ടുപ്രമാണിമാരുടെ ഉടമസ്ഥതയിലുണ്ടായിരുന്നത്.

1865-ലെ പട്ടം വിളംബരം തിരുവിതാംകൂറിലെ കര്‍ഷകരുടെ ”മാഗ്നാകാര്‍ട്ട”യായിട്ടാണ് അറിയപ്പെടുന്നത്. ഇതിലൂടെ അന്നുവരെ ഭൂമി കയ്യേറി കൃഷി നടത്തിയിരുന്ന മുഴുവന്‍ കൈവശക്കാരുടെ ഭൂമിക്കും സര്‍ക്കാര്‍ ഉടമസ്ഥാവകാശ രേഖ (പട്ടയം) നല്‍കി. ”ഉപാധിരഹിത സര്‍വസ്വാതന്ത്ര്യ ഉടമസ്ഥാവകാശ”മായിരുന്നു 1865 ലെ ഭൂമി പതിച്ചുനല്‍കല്‍. അതില്‍ ഇന്നത്തെ ഭൂപതിവ് ചട്ടങ്ങളിലെപ്പോലെ ഉപാധികളൊന്നുമുണ്ടായിരുന്നില്ല. ഉപാധികളുണ്ടായിരുന്നെങ്കില്‍ തന്നെ അതിന്റെ ലംഘനങ്ങളൊന്നും പരിസ്ഥിതി വിഷയമായി ആരും കണക്കാക്കിയില്ല. പൊതുവികസനത്തിന്റെ ഭാഗമായി അതെല്ലാം സര്‍വ്വ സാധാരണമാണെന്ന നിലപാടാണ് 1865 ന് ശേഷം തിരുവിതാംകൂറും പിന്നീട് സംസ്ഥാന സര്‍ക്കാരുകളും നിലപാടെടുത്തിരുന്നത്. തിരുവിതാംകൂറിലെ 1886 ലെ റവന്യു സെറ്റില്‍മെന്റ് സമയത്ത് തിരുവിതാംകൂറില്‍ വ്യത്യസ്തമായ 436 ഭൂമി ഉടമസ്ഥാവകാശങ്ങള്‍ നിലനിന്നിരുന്നെന്ന് ഭൂമി ഉടമസ്ഥത സംബന്ധമായ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

എന്നു മാത്രമല്ല അക്കാലങ്ങളില്‍ തരിശുഭൂമിയോ പാഴ്ഭൂമിയോ (Waste Land) കൃഷിക്ക് അനുയോജ്യമാക്കാന്‍ മുന്നോട്ടുവന്നവര്‍ക്കൊക്കെ സര്‍ക്കാര്‍ കൈനിറയെ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. തിരുവിതാംകൂറിലെ ഈഴവരും സുറിയാനി ക്രിസ്ത്യാനികളുമാണ് ഇങ്ങനെ കൃഷിഭൂമി വികസിപ്പിച്ചെടുത്തതെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.ഇന്നത്തെ മൂന്നാറും ഇടുക്കിയും ഏലമലക്കാടുകളും കണ്ണന്‍ദേവന്‍ ഭൂമിയും അടക്കമുള്ള സ്ഥലങ്ങളൊക്കെ ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂറില്‍ 760 ല്‍ പരം ഭൂമി ഉടമസ്ഥാവകാശ സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. 1886 ലെ റവന്യു സെറ്റില്‍മെന്റ്, 1867 ലെ രാജകീയ വിളംബരം, 1896 ലെ തിരുവിതാംകൂര്‍ ജന്‍മി കുടിയാന്‍ റഗുലേഷന്‍ ഒക്കെ കയ്യേറ്റ ഭൂമിയില്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ഭൂമി ഉടമസ്ഥാവകാശം നല്‍കിയ നിയമങ്ങള്‍/നീക്കങ്ങള്‍ ആണ്.
കൊച്ചി, തിരുവിതാംകൂര്‍ രാജ്യങ്ങളിലെ ഭൂനിയമനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മലബാറിലെ ”കയ്യേറ്റ ഭൂമികള്‍ കയ്യേറ്റക്കാര്‍ക്ക് സ്വന്തമായി നല്‍കിയ” നിയമങ്ങള്‍/ വിളംബരങ്ങള്‍/ പ്രഖ്യാപനങ്ങള്‍. 1792 മുതല്‍ മലബാര്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്നു. മലബാറില്‍ 1929 ലെ മലബാര്‍ ടെനന്‍സി ആക്ട് വഴിയാണ് കൃഷി ചെയ്യാന്‍ ഭൂമി കയ്യേറിയവര്‍ക്ക് ഭൂമി ഉടമസ്ഥാവകാശം ലഭിച്ചത്.

കേരളത്തില്‍ ഏകദേശം 78 ലക്ഷം ഭൂവുടമസ്ഥരാണുള്ളത്. 1701 എ.ഡി. മുതലുള്ള ചരിത്രവും രാജ നിയമങ്ങളും ഒക്കെ പരിശോധനാ വിധേയമാക്കിയാല്‍ ഈ 78 ലക്ഷം പേരുടെയും ഉടമസ്ഥാവകാശത്തിലുള്ള ഭൂമിയൊക്കെയും സര്‍ക്കാര്‍ ഭൂമിയായിരുന്നു. അതിലൊക്കെ 1701 മുതല്‍ സാഹസികരായ കര്‍ഷകര്‍ ഭൂമി കയ്യേറി കൃഷി ചെയ്താണ് അന്നത്തെ പൊതുസമൂഹത്തെ പട്ടിണിയില്‍ നിന്നും രക്ഷിച്ചത്. നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ടാണ് സാഹസികമായി തന്നെ അവര്‍ ജനങ്ങള്‍ക്കുള്ള ഭക്ഷണം ഉല്‍പാദിപ്പിച്ചത്. 1701 മുതല്‍ 1990 വരെ കര്‍ഷകര്‍ ആദരണീയരായിരുന്നു. ബഹുമാനിതരായിരുന്നു. ഏതു വേദിയിലും മറ്റാരേക്കാളും മുന്‍പന്തിയിലായിരുന്നു കര്‍ഷകരുടെ സ്ഥാനം. നിയമാനുസൃതമായി സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ഉപജീവനത്തിനായി കെട്ടിടങ്ങള്‍ പണിത് മുന്നോട്ട് പോകുന്ന കര്‍ഷക സമൂഹത്തെ വഞ്ചിക്കാനും കുടിയിറക്കാനുമുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ല. സ്വതന്ത്ര കർഷക സംഘടനാ നേതാക്കളായ റസാക്ക് ചൂരവേലി, സുജി മാസ്റ്റര്‍, ജോയി കണ്ണന്‍ചിറ,
ഡിജോ കാപ്പന്‍, അഡ്വ. ബിനോയ് തോമസ്,അഡ്വ. കെ.വി. ബിജു, ഡയസ് പുല്ലന്‍, മാത്യു ജോസ് ആറ്റുപുറം,
പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ബോണി ജേക്കബ്, തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .

You might also like

-