നിര്‍ഭയക്കേസ്;വധശിക്ഷയ്‌ക്കെതിരെ കുറ്റവാളി അക്ഷയ് കുമാര്‍ സിംഗിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വധശിക്ഷയ്‌ക്കെതിരെ അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക

0

ഡൽഹി :രാജ്യത്തെ നടുക്കിയ നിര്‍ഭയക്കേസ്സിലെ പ്രതി അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശിക്ഷയ്‌ക്കെതിരെ അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. അതേസമയം നിര്‍ഭയയുടെ മാതാപിതാക്കളുടെ വാദവും കോടതി കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.

നിര്‍ഭയക്കേസ് പ്രതിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി കോടതി പരിഗണിക്കുന്നത്. വധശിക്ഷ ശരിവച്ച ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസ് ആര്‍ ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ അംഗങ്ങള്‍. മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരുടെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

2012 ഡിസംബര്‍ 16 നാണ്് ദില്ലി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച്് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തത്. ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്‌നയാക്കി യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയില്‍ തള്ളുകയും ചെയ്തത്.

പിന്നീട് ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിര്‍ഭയയെ സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി മുറവിളി ഉയരുമ്പോഴാണ് പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്

You might also like

-