തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ;22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ആറ് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് – 23, യുഡിഎഫ് – 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ആറ് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എല്‍ഡിഎഫ് ജയിച്ച എഴ് സീറ്റുകള്‍ യുഡിഎഫും തിരിച്ചു പിടിച്ചു. ഇതോടൊപ്പം കല്ലറ പഞ്ചായത്ത് ഭരണവും അവര്‍ നേടി. തൃശ്ശൂര്‍ ജില്ലയില്‍ ഉപതെരഞ്ഞടുപ്പ് നടന്ന നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫിന്‍റെ കൈവശമുണ്ടായിരുന്ന മൂന്ന് സീറ്റുകളടക്കം എല്ലാം യുഡിഎഫ് ജയിച്ചു.
തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വെള്ളംകുടി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. നിലവിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടുക്കിയിലെ മാങ്കുളം, വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ ജയിച്ചതോടെ രണ്ട് പഞ്ചായത്തുകളിലേയും ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.