ആരാധനയുടെ കാര്യത്തില്‍ പുരുഷനും സ്്ത്രീക്കും തുല്യ അവകാശമാണെന്ന് മുഖ്യമന്ത്രി ചിലരുടെ കൊപ്രായംകൊണ്ട് നിലപാട് മാറ്റമില്ല

ചിലയിടത്ത് കേന്ദ്രീകരിച്ച് ചില സംഭവങ്ങള്‍ നടത്താമെന്ന് കരുതുന്നത് വ്യാമോഹമാണ് ഇത്തരം കോപ്രായങ്ങള്‍ കൊണ്ടൊന്നും ചൂളിപ്പോകുന്ന സര്‍ക്കരല്ല കേരളത്തിലുള്ളത്.

0

കോട്ടയം: ആരാധനയുടെ കാര്യത്തില്‍ പുരുഷനും സ്്ത്രീക്കും തുല്യ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാണ് എല്‍ഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പിണറായി കോട്ടയത്ത് പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള വിധി സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യും. ഭരണഘടനയുടെ മൗലീകാവകാശങ്ങള്‍ക്ക് മുകളിലാണ് വിശ്വാസമെന്നാണ് ബിജെപി നിലപാട്. എല്ലാ ജാതി മതസ്ഥര്‍ക്കും കടന്നുചെല്ലാവുന്ന ആരാധനാലയമാണ് ശബരിമലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ ജാതിമത വ്യത്യാസം പണ്ടേ ഇല്ല. അതിനാല്‍ ആര്‍എസ്എസിന് ശബരിമല പണ്ടേ താല്‍പ്പര്യമില്ലായിരുന്നു. കോണ്‍ഗ്രസ് ബിജെപിയുടെ ഇടത്താവളമായി. യുഡിഎഫും ബിജെപി നിലപാടിന് ഒപ്പമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയ്ക്കും മുകളിലാണ് വിശ്വാസമെങ്കില്‍ ബാബറി മസ്ജിദിന്റെ കാര്യത്തിലെന്താകും. ശബരിമലയില്‍ സംഘപരിവാറിനെ പിന്തുണയ്ക്കുന്നവര്‍ ഇക്കാര്യമാലോചിക്കണം. മതനിരപേക്ഷത സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. യാഥാസ്ഥിതികരോടൊപ്പമല്ല, കേരളം നിലകൊണ്ടിട്ടുള്ളത്.

കോണ്‍ഗ്രസും ബിജെപിയും വിധിക്ക് മുന്‍പ് സ്്ത്രീപ്രവേശനത്തെ അംഗീകരിച്ചിരുന്നു. ചരിത്ര വിധിയെന്നാണ് കോണ്‍ഗ്രസ് അന്ന് പരസ്യമായി പറഞ്ഞത്. ഇതേ കോണ്‍ഗ്രസ് ഇന്ന് എടുക്കുന്ന നിലപാട് ആത്മഹത്യാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയിലേക്ക് ആളുകളെ തള്ളിവിടുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുക്കുന്നത്. ശബരിമലയിലെ ക്രിമിനലുകളെ ബോധപൂര്‍വ്വംകൊണ്ടുവന്നതാണ്.പ്രതിഷേധിക്കുന്നവര്‍ക്ക് പ്രതിഷേധിക്കാനും സര്‍ക്കാര്‍ അവസരം കെടുത്തു. അത് ആളുകളെ തടയുന്നതും ഭക്തരെ പരിശോധിക്കുന്നതും വരെയെത്തി. ഇത് അനുവദിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ കലാപഭൂമിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സന്നിധാനത്ത് ചോരവീഴ്ത്താനുള്ള സംഘങ്ങളെ ഒരുക്കി വച്ചിരുന്നതായ വിവരം ഇപ്പോള്‍ പുറത്ത് വന്നു. എന്തിനാണ് ഇവരുടെ സമരം, ആരോടാണ് ഇവരുടെ സമരം.- മുഖ്യമന്ത്രി ചോദിച്ചു.

ജനാധിപത്യം അംഗീകരിക്കുന്നില്ലെന്ന് സംഘപരിവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിയെ സര്‍ക്കാരിന് മറികടക്കാനാകില്ല. നിയമ നിര്‍മ്മാണം നടത്തിയും മറികടക്കാനാകില്ല.

ശബരിമലയെ സംരക്ഷിക്കാനും കൂടുതല്‍ ഔന്നിത്യത്തിലേക്കുയര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമം. ചിലയിടത്ത് കേന്ദ്രീകരിച്ച് ചില സംഭവങ്ങള്‍ നടത്താമെന്ന് കരുതുന്നത് വ്യാമോഹമാണ്
ഇത്തരം കോപ്രായങ്ങള്‍ കൊണ്ടൊന്നും ചൂളിപ്പോകുന്ന സര്‍ക്കരല്ല കേരളത്തിലുള്ളത്. ആര്‍എസ്എസിന്റെ ഉദേശങ്ങള്‍ അറിയുന്ന ചില വിഭാഗങ്ങള്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-