ഒഡീഷയിലും മലയാളി വൈദികർക്ക് പോലീസിന്റെ ക്രൂര മർദ്ധനം വൈദികന്റെ തോളെല്ല് തല്ലിയൊടിച്ചു
സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പോലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ് പറഞ്ഞു പാകിസ്താനിൽ നിന്ന് എത്തി മതം മാറ്റുന്നു എന്നാരോപിച്ചായിരുന്നു മർദനം.

ഭുവനേശ്വർ| ഒഡീഷയിലും മലയാളി വൈദികർക്ക് പോലീസിന്റെ ക്രൂര മർദ്ധനം . ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പോലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ് പറഞ്ഞു പാകിസ്താനിൽ നിന്ന് എത്തി മതം മാറ്റുന്നു എന്നാരോപിച്ചായിരുന്നു മർദനം. ആക്രമണത്തിൽ സഹ വൈദികൻ ഫാ.ദയാനന്ദിന്റെ തോളെല്ല് പൊട്ടി. ഒരു കാരണവുമില്ലാതെയാണ് മർദിച്ചതെന്ന് വൈദികർ ആരോപിച്ചു.”നീയൊക്കെ പാകിസ്താനികളാണെന്നും അമേരിക്കയിൽ നിന്ന് കാശ് വാങ്ങി മതപരിവർത്തനം നടത്തുകയാണെന്നും പറഞ്ഞായിരുന്നു പോലീസിന്റെ ആക്രമണം . നിന്നെയൊക്കെ മര്യാദ പഠിപ്പിക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ആക്രോശിച്ച് പൊലീസ് വലിച്ചിഴച്ചഴച്ചു “- ഫാദർ ജോഷി പറഞ്ഞു.
മാർച്ച് 22ന് ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയ്ക്കെത്തിയ പൊലീസ് പള്ളിയിൽ കയറി തന്നെയും സഹവികാരിയെയും മർദിക്കുകയായിരുന്നു ഫാ. ജോഷി ജോർജ് പറഞ്ഞു. ഗ്രാമത്തിൽ കഞ്ചാവ് കൃഷിക്കാനെ പിടികൂടാനെത്തിയ പൊലീസ് ഗ്രാമവാസികൾക്ക് നേരെ വ്യാപക അതിക്രമം അഴിച്ചുവിട്ടതായാണ് പരാതി. ഗ്രാമത്തിലെ നിരവധി പുരുഷന്മാരെ പൊലീസ് പിടിച്ചുകൊണ്ടുപോയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വിട്ടയച്ചു. അടുത്ത ദിവസം ഉച്ചയോടെ ഗ്രാമത്തിലെ ഔവർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിലെത്തിയ പൊലീസ് പള്ളിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീകളെ മർദിച്ചു. അടികൊണ്ട് സ്ത്രീകൾ ഓടുന്നത് കണ്ടെത്തിയ ഫാദർ ജോഷിയും സഹവികാരിയും പൊലീസിൻ്റെ അടുത്തേയ്ക്ക് എത്തുകയും സംഭവത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഫാദർ ജോർജിനെ പൊലീസ് മർദിക്കുകയായിരുന്നു. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചതിൽ പ്രകോപിതരായ പൊലീസ് രണ്ടുപേരേയും റോഡിലൂടെ വലിച്ചിഴച്ചു. അടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോയി മതപരിവർത്തനം ഉൾപ്പെടെ ആരോപിച്ച് അപമാനിച്ചു അധിക്ഷേപിച്ചതായും പരാതിയുണ്ട്. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ ഫാദർ ദയാനന്ദ് ബഹ്റാംപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
പൊലീസ് സംഘം പള്ളിയിലെ ഓഫീസിൽ കയറി 40,000 രൂപ അപഹരിച്ചുവെന്നും ഫാ. ജോഷി ജോർജ് പറഞ്ഞു. സംഭവത്തിൽ ഫാ ജോഷി ജോർജ് പോലീസിൽ പരാതി നൽകിയിട്ടില്ല. രൂപത നിയമ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികൻ പറഞ്ഞു