മാതാപിതാക്കളുടെ സന്ദര്‍ശക വിസ; പ്രായ പരിധി എടുത്ത് കളഞ്ഞ് കുവൈത്ത്
രാജ്യത്ത് താമസാനുമതിയുള്ള വിദേശികൾക്ക് അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള രക്ഷിതാക്കളെ സന്ദർശന വിസയിൽ കൊണ്ട് വരുന്നതിനു നേരത്തെ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സൗജന്യ ആരോഗ്യ സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വിസ നിഷേധിച്ചിരുന്നത്.
കുവൈത്ത്: കുവൈത്തിൽ മാതാപിതാക്കളുടെ സന്ദർശ്ശക വിസ ലഭിക്കുന്നതിനുള്ള പ്രായ പരിധി നിബന്ധന എടുത്ത് മാറ്റി. ഇനി മുതല്‍ അറുപത് വയസിന് മുകളിലുള്ള രക്ഷിതാക്കളേയും കുവൈത്തിലേക്ക് കൊണ്ടുവരാം. ഇത് സംബന്ധിച്ച് താമസ രേഖാ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ഹാജരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
രാജ്യത്ത് താമസാനുമതിയുള്ള വിദേശികൾക്ക് അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള രക്ഷിതാക്കളെ സന്ദർശന വിസയിൽ കൊണ്ട് വരുന്നതിനു നേരത്തെ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സൗജന്യ ആരോഗ്യ സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വിസ നിഷേധിച്ചിരുന്നത്. എന്നാൽ വിദേശികളുടെ ചികിത്സാ സേവനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ഫീസ് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിസ നിയന്ത്രണം എടുത്തുമാറ്റാൻ ആഭ്യന്തര മന്ത്രാലയം തയ്യാറായത്.
കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാ മേധാവികളുടെ യോഗത്തിൽ ഇത് സംബന്ധിച്ച നിർദേശം താമസകാര്യ വകുപ്പ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ ഹാജിരി വിവിധ ഗവർണറേറ്റുകളിലെ താമസകാര്യ വകുപ്പ് തലവന്മാർക്കു കൈമാറി. പുതിയ ഉത്തരവ് പ്രകാരം വിദേശികളുടെ മാതാപിതാക്കൾക്ക് പ്രായ ഭേദമന്യേ ഒരു മാസത്തെ സന്ദർശന വിസ അനുവദിക്കും.
അതേസമയം സിറിയ, പാകിസ്ഥാൻ, ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ എന്നീ ആറു രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിലുള്ള വിസ നിരോധം തുടരും. സുരക്ഷാ പ്രശ്നങ്ങളാണ് ഇതിനു കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.