ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ഇംപീച്ച് മെന്റ്
ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ കൊളീജിയത്തിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്ഥലംമാറ്റത്തിനുള്ള അന്തിമ തീരുമാനമായത്

ഡല്‍ഹി| ഡല്‍ഹിയില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആരോപണം നേരിടുന്ന ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാനുള്ള ശുപാർശ കേന്ദ്രത്തിന് കൈമാറി സുപ്രീംകോടതി. ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ കൊളീജിയത്തിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്ഥലംമാറ്റത്തിനുള്ള അന്തിമ തീരുമാനമായത്. സംഭവത്തിൽ തൽക്കാലം പാർലമെൻറിൽ പ്രത്യേക ചർച്ച വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിളിച്ച യോഗം ധാരണയിലെത്തി.
ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ കേസ് കേൾക്കുന്നതിൽ നിന്ന് മാറ്റി നിര്‍ത്താൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശം നല്കിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് യശ്വന്ത് വർമ്മയെ മടക്കി അയക്കാനുള്ള ശുപാർശ ഇന്നു ചേർന്ന കൊളീജിയം അംഗീകരിച്ചു. അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്‍റെ എതിർപ്പ് കോടതി തള്ളി.തുടർന്ന് ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യണമെന്ന് അസോസിയേഷൻ വീണ്ടും ചീഫ് ജസ്റ്റിസിന് കത്ത് നൽകി. സാധാരണ ജഡ്ജിമാർക്കെതിരെയുള്ള അന്വേഷണ വിവരം രഹസ്യമായി വെയ്ക്കുകയാണ് പതിവ്. അതിനാൽ എല്ലാ രേഖകളും പ്രസിദ്ധീകരിച്ചതിൽ കൊളീജിയത്തിലെ രണ്ടു ജഡ്ജിമാർക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ട് ഇന്ന് വന്നിരുന്നു. പാർലമെൻറിന്‍റെ ഇരുസഭകളിലും മറ്റു നടപടികൾ നിര്‍ത്തിവെച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് എംപിമാർ നോട്ടീസ് നല്കിയിരുന്നു.രാജ്യസഭ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ സഭ നേതാവ് ജെപി നദ്ദ, പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തു. കോടതി ദൃശ്യങ്ങൾ അടക്കം നല്കിയത് അസാധാരണ നടപടിയെന്നും ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത ഉയർത്തുമെന്നും ഉപരാഷ്ട്രപതി പിന്നീട് പറഞ്ഞു. കോടതിയുടെ അന്വേഷണം പൂർത്തിയാകും വരെ കാത്തിരിക്കാനും ചർച്ചയിൽ ഉപരാഷ്ട്രപതി നിർദ്ദേശിച്ചു.
ജസ്റ്റിസ് വർമ്മയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി സമിതി സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. ദൃശ്യത്തിലുള്ളത് വർമ്മയുടെ വീട്ടിലെ സ്റ്റോർ റൂമാണോ എന്നും വിദഗ്ധർ പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗിന്‍റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. ഇന്നലെ സുപ്രീം കോടതിയിലെ ഉന്നത ഉദ്യോഗസ്ഥൻ ഗാർഗിന്‍റെ ഓഫീസിലെത്തി നോട്ട് കണ്ടെത്തിയില്ല എന്ന് ആദ്യം പറഞ്ഞതിന്‍റെ കാരണം അന്വേഷിച്ചു. മൂന്നംഗ സമിതി വിശദമായ പരിശോധനയിലേക്ക് കടക്കുന്ന സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ വരാൻ സാധ്യതയില്ല.
അതേസമയം സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ യശ്വന്ത് വര്‍മയെ ചുമതലകളില്‍ നിന്ന് മാറ്റി. എന്നാല്‍ വസതിയില്‍നിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും തീപ്പിടിത്തം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത് തന്റെ മകളും വസതിയിലെ ജീവനക്കാരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരാരും ഇങ്ങനെയൊരു പണക്കൂട്ടം കണ്ടിട്ടില്ലെന്നും യശ്വന്ത് വര്‍മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു.മാര്‍ച്ച് 14-ന് രാത്രി 11.35നാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. ഈ സമയം യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍ ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ കത്തിക്കരിഞ്ഞ നോട്ടുചാക്കുകള്‍ കണ്ടിരുന്നില്ലെന്ന് നിലപാടെടുത്ത ഡല്‍ഹി അഗ്‌നിരക്ഷാസേന മേധാവി അതുല്‍ ഗാര്‍ഗ് നിലപാട് തിരുത്തി രംഗത്തെത്തിയതും വിവാദമായിരുന്നു. നോട്ടുനിറച്ച ചാക്കുകള്‍ കണ്ടെത്തിയിരുന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ഗാര്‍ഗ് വ്യക്തമാക്കിയത്.