‘സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും’: ദിവ്യയ്ക്കെതിരെ കെ. മുരളീധരൻ.
പിണറായി വിജയന്റെ പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തില്‍പെട്ട മഹതിയാണ് പോസ്റ്റ് ഇട്ടത്. അതിനെ അത്രയെ കാണുന്നുള്ളൂ. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും
തിരുവനന്തപുരം | സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ മഹതിയെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.
‘”പിണറായി വിജയന്റെ പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തില്‍പെട്ട മഹതിയാണ് പോസ്റ്റ് ഇട്ടത്. അതിനെ അത്രയെ കാണുന്നുള്ളൂ. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും:- കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് കെഎസ്. ശബരീനാഥൻ. ദിവ്യയുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണ്. അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്കും സർക്കാർ പദ്ധതികൾക്കും ഒപ്പം നിൽക്കണം എന്നത് ഉദ്യോഗസ്ഥ ധർമ്മം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നുവെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശബരീനാഥന്റെ പ്രതികരണം.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാണോ പെരുമാറേണ്ടത് അതുപോലെ തികച്ചും പ്രൊഫഷണലായിട്ടാണ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല നിർവഹിച്ച് കൊണ്ടിരുന്നത് എന്നും കെ കെ രാഗേഷ് വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ഓഫീസുകളുമായും സർക്കാരിന്റെ ഭാഗമായിട്ടുള്ള സെക്രട്ടറിമാരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരുമായും പല കാര്യങ്ങളിലും ചർച്ചകൾ നടത്താറുണ്ട്. അതിന്റെ ഫലമായി ഓരോരുത്തർക്കും ഓരോരുത്തരെ കുറിച്ചും ധാരണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ആ ധാരണയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവത്തനത്തെ കുറിച്ച് നല്ല വാക്ക് പറഞ്ഞപ്പോൾ അത് മറ്റുള്ളവരെ ഇത്രയധികം പ്രകോപിപ്പിച്ചത് തനിക്ക് അത്ഭുതം ആയിപ്പോയെന്നും കെ കെ രാഗേഷ് പറഞ്ഞു.