മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ സെന്‍സിബിളായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
"കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത് ക്ലിഫ് ഹൗസിനകത്ത് ഒരു മരപ്പട്ടി നിരന്തരം ശല്യമുണ്ടാക്കുകയാണെന്ന് ആ മരപ്പട്ടിയെ പിടിച്ച് കേരളത്തിന്റെ ആഭ്യന്തരവകുപ്പേല്‍പ്പിച്ചാല്‍ വിജയന്‍ ചെയ്യുന്നതിനേക്കാള്‍ സെന്‍സിബിളായിട്ടായിരിക്കും ആ മരപ്പട്ടി കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കയ്യാളുക എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല
തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയെന്ന് പറയുന്ന മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ സെന്‍സിബിളായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു. കെഎസ്‌യു സമരവേദിയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യമന്ത്രിയെയും പോലീസിനെയും കടന്നാക്രമിച്ചത്.
‘”കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത് ക്ലിഫ് ഹൗസിനകത്ത് ഒരു മരപ്പട്ടി നിരന്തരം ശല്യമുണ്ടാക്കുകയാണെന്ന് ആ മരപ്പട്ടിയെ പിടിച്ച് കേരളത്തിന്റെ ആഭ്യന്തരവകുപ്പേല്‍പ്പിച്ചാല്‍ വിജയന്‍ ചെയ്യുന്നതിനേക്കാള്‍ സെന്‍സിബിളായിട്ടായിരിക്കും ആ മരപ്പട്ടി കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കയ്യാളുക എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ആ മരപ്പട്ടിയുടെ വിവേകംപോലും കാണിക്കാത്ത ആഭ്യന്തരമന്ത്രിയാണ് കേരളത്തില്‍ ഉള്ളത് എന്നതുകൊണ്ടാണ് ജനകീയപ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്’:-രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്താല്‍ വിരണ്ടുപോകുന്നവരല്ല കോണ്‍ഗ്രസുകാര്‍. സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. ഈ സമരപ്പന്തലിലും വരും ദിവസങ്ങളില്‍ വിജയന്റെ പോലീസ് കയറുമെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങനെ സമരപ്പന്തലില്‍ പോലീസ് കയറിയാല്‍ അതിനപ്പുറം ആയിരം സമരം ചെയ്യാന്‍ പ്രാപ്തിയുള്ള സംഘടനയാണ് തങ്ങളുടേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.