ഇടുക്കിയിലെ ഉരുൾപൊട്ടൽ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യയിലെ ഉദ്യോഗസ്ഥര്‍ ജില്ലയിപരിശോധന നടത്തി
ഇടുക്കി :ജില്ലയില്‍ ഈയിടെയുണ്ടായ പ്രകൃതിക്ഷോഭത്തോടനുബന്ധിച്ച് വ്യാപകമായുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം സംഭവിച്ച ഭൗമ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യയിലെ ഉദ്യോഗസ്ഥര്‍ ജില്ലയിലെത്തി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം ജില്ലയില്‍ വ്യാപകമായി റോഡുകള്‍ക്കും കൃഷിഭൂമിക്കും ജനവാസകേന്ദ്രങ്ങളില്‍ ഭൂമിയുടെ ഉപരിതലത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബുവുമായി ഉദ്യോഗസ്ഥര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. വ്യാപകമായ തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ അടിമാലി, മാങ്കുളം, മൂന്നാര്‍ മേഖലകളിലും കട്ടപ്പന, കുമളി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും കലക്ടര്‍ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജില്ലാകലക്ടറുടെ ക്യാമ്പ് ഹൗസില്‍ നടന്ന പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം ഉദ്യോഗസ്ഥര്‍ പഠനങ്ങളുടെ ഭാഗമായി ദേവികുളം താലൂക്കിലെ വിവിധ സ്ഥലങ്ങള്‍ ഇന്ന് (6.9.18) സന്ദര്‍ശിക്കും. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യയുടെ എക്‌സ്‌പ്ലൊറേഷന്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ബൈജു, സീനിയര്‍ ജിയോളജിസ്റ്റുകളായ സുലാല്‍, മഞ്ജു ആനന്ദ്, അര്‍ച്ചന കെ.ജി എന്നിവരും ജില്ല ജിയോളജിസ്റ്റ് ബി. അജയകുമാറും സംഘത്തിലുണ്ടായിരുന്നു. സംഘാംഗങ്ങള്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു, ആര്‍.ഡി.ഒ എം.പി വിനോദ്, എന്നിവരുമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം സംഭവിച്ച മാറ്റങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ചചെയ്തു.