ഇടുക്കിജില്ലയിലെ നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളിൽ ആളുകൾ വീടുവിട്ടു പുറത്തിറങ്ങരുത്:ജില്ലാകളക്ടർ

ഗ്രാമപഞ്ചായത്തുകളില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിക്കുന്നു

0

ഇടുക്കി: കൊവിഡ് – 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഗ്രാമപഞ്ചായത്തുകളില്‍ മെയ് 3 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.


നിയന്ത്രങ്ങൾ
1. പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിക്കുന്നു.
2. പ്രസ്തുത ഗ്രാമ പഞ്ചായത്തുകളിലേക്കും, പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കുന്നതിനും ഇവയുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തുന്നു. മറ്റ് റോഡുകള്‍ പൂര്‍ണ്ണമായി അടച്ചിടേണ്ടതാണ്.
3. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്.
4. അവശ്യ വസ്തുക്കള്‍, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിച്ച്, നിര്‍വ്വഹിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു. ടി ആവശ്യത്തിലേക്ക് മാത്രമായി ആവശ്യമെങ്കില്‍ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നല്‍കുന്നു. ഓരോ വാര്‍ഡ് തലത്തിലും ഇത്തരം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.
5. പ്രസ്തുത ഗ്രാമ പഞ്ചായത്തുകളിലൂടെ അവശ്യ വസ്തുക്കളുമായി കടന്നു പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നു.
6. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഇളവ് അനുവദിക്കുന്നു.
7. നെടുങ്കണ്ടം തൂക്കുപാലം ഭാഗത്ത് പൂര്‍ണ്ണമായി ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് കാണുന്നതിനാല്‍ കരുണാപുരം ഗ്രാമ പഞ്ചായത്തിലെ ക, കക, കകകവാര്‍ഡുകള്‍, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ കഢ ാം വാര്‍ഡ് എന്നിവിടങ്ങളിലും ഈ ഉത്തരവിലെ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുന്നതാണ്.
8. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഇടുക്കി സിവില്‍ സ്റ്റേഷന്‍, പൈനാവ്, ചെറുതോണി ടൗണ്‍ എന്നിവിടങ്ങളില്‍ ഭാഗികമായ ഇളവുകള്‍ അനുവദിക്കുന്നു. പൈനാവ്, ചെറുതോണി ടൌണ്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 07.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെയും, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
9. പ്രസ്തുത ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും പുറത്തേക്കോ, അകത്തേക്കോ യാത്ര ചെയ്യുന്നവരെ കര്‍ശനമായി പരിശോധിക്കേണ്ടതും ഈ ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
10. എല്ലാ വ്യക്തികളും പൊതു സ്ഥലത്ത് നിര്‍ബന്ധമായും മാസ്‌ക്കുകള്‍ ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുമാണ്.

അതേസമയം തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുറക്കാന്‍ തീരുമാനമായി. ക്വാറന്റൈനില്‍ കഴിയേണ്ട ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകളിലെ കോവിഡ് ഏകോപന സമിതികളുടെ യോഗം ശനിയാഴ്ച്ച നടന്നു.ഇതിന്റെയടിസ്ഥാഥാനത്തില്‍ കുടയത്തൂര്‍ പഞ്ചായത്തിലെ വെട്ടം റിസോര്‍ട്ട് ഏറ്റെടുത്തു. ഇവിടെ ഏഴ് മുറികളാണുള്ളത്. തൊടുപുഴ നഗരം കേന്ദ്രീകരിച്ച് പൊതു – സ്വകാര്യ മേഖലകളിലെ കൂടുതല്‍ കെട്ടിടങ്ങള്‍ വരും ദിവസങ്ങളില്‍ ഏറ്റെടുക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം തുറന്ന മുട്ടം റൈഫിള്‍ ക്ലബ്ബിലെ കോവിഡ് കെയര്‍ സെന്ററില്‍ രണ്ടു ദിവസങ്ങള്‍ക്കിടെ ഏഴ് പേരെ നിരീക്ഷത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് മരണമടഞ്ഞ ഒഡിഷ സ്വദേശിയുടെ മൃതദേഹവുമായി പോയി നാട്ടിലേക്ക് മടങ്ങിയെത്തിയ രണ്ട് പേരെ ശനിയാഴ്ച സെന്ററിലെത്തിച്ച് നിരീക്ഷണത്തിലാക്കി. മണിയാറന്‍കുടി സ്വദേശിയായ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരെയും മൈസൂരില്‍ നിന്നെത്തിയ രണ്ട് പേരെയും വെള്ളിയാഴ്ച്ച സെന്ററിലെത്തിച്ചിരുന്നു. തമിഴ്‌നാട്ടില്‍ പച്ചക്കറിയെടുക്കാന്‍ പോയി മടങ്ങുന്ന ഇടവെട്ടി സ്വദേശികളായ രണ്ട് പേരെ കൂടി ഞായറാഴ്ച ക്വാറന്റൈനിലാക്കുമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

മുട്ടം ഗ്രാമ പഞ്ചായത്ത് ഓഫീസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലായാണ് ഏകോപന സമിതി യോഗങ്ങള്‍ ചേര്‍ന്നത്. കൂടുതലായി നിരീക്ഷണത്തിലെത്തിക്കുന്നവര്‍ക്കായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

തൊടുപുഴ ബ്ലോക്ക് ഏകോപന സമിതി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സിനോജ് എരിച്ചിരിക്കാട്ട്, കണ്‍വീനര്‍ ഡോ. രേഖാ ശ്രീധര്‍, തൊടുപുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജുമോന്‍, മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയന്‍, ഇളംദേശം ബ്ലോക്ക് ഏകോപന സമിതി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മര്‍ട്ടില്‍ മാത്യു, കണ്‍വീനര്‍ ഡോ. കെ.സി. ചാക്കോ എന്നിവര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.

You might also like

-