ട്രൈബല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പണം ഒരു തടസമല്ലെന്നു കളക്ടര്‍ വ്യക്തമാക്കി.

0

ഇടുക്കി :ഇടമലക്കുടി, മൂന്നാര്‍, മറയൂര്‍,അടിമാലി ട്രൈബല്‍ സ്‌കൂളുകളിലെ ഹോസ്റ്റലുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. അതോടൊപ്പം പുതിയ ഹോസ്റ്റലുകള്‍ നിര്‍മിക്കാനും തീരുമാനമായി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ എ.പി കുഞ്ഞുമോന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന വിവിധ വകുപ്പു പ്രതിനിധികളുടെ യോഗത്തിലാണ് ധാരണയായത്. ഇടമലക്കുടി ട്രൈബല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹോസ്റ്റലുകളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തിയത്.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പണം ഒരു തടസമല്ലെന്നു കളക്ടര്‍ വ്യക്തമാക്കി. അതോടൊപ്പം പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി അവലോകന യോഗങ്ങള്‍ വിളിക്കാനും കളക്ടര്‍ വകുപ്പുകളോട് നിര്‍ദ്ദേശിച്ചു. കൂടാതെ വീടുകളുടെ എണ്ണം, പഠിക്കുന്ന കുട്ടികളുടെ എണ്ണം, കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം, കൊഴിഞ്ഞുപോക്കിന്റെ കാരണവും മറ്റു വിവരങ്ങളും ശേഖരിച്ചത് ക്രോഡീകരിച്ച് വകുപ്പുകള്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു.
യോഗത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സിസ്റ്റര്‍ ബിജിജോസ്, സമഗ്ര ശിക്ഷ കേരള എസ്.പി.ഒ സിന്ധു എസ്.എസ്, മൂന്നാര്‍ എ.ഇ.ഒ മഞ്ചുള, ഇടുക്കി ഡബ്ലു.പി.ഒ ലിസ്സി തോമസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

-